ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറി

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറി. അതിനാല്‍ മഴയുടെ തീവ്രത കുറയും. കേരളത്തില്‍ അതിതീവ്ര മഴ ഉണ്ടാകില്ല. എന്നാല്‍ 13 ജില്ലകളിലും റെഡ് അലര്‍ട്ട് തുടരും.

ന്യൂന മർദ്ദം കേരളത്തിൽ നിന്നും വിടവാങ്ങി തുടങ്ങി. മഴയുടെ ശക്തി കേരളത്തിൽ കുറഞ്ഞു വരികയാണ്. ഇന്ന് മഴ ഉണ്ടാകുമെങ്കിലും മുൻ ദിവസങ്ങളിലെ ശക്തി ഉണ്ടാവില്ല. മറ്റു പ്രതികൂല സാഹചര്യങ്ങളൊന്നും പൊടുന്നനെ ഉണ്ടാവുന്നില്ലെങ്കിൽ ശനിയാഴ്ചയോടെ മഴ എല്ലാ ജില്ലകളിലും കുറയും.മഴ നിന്നാൽ നാല് അഞ്ചു മണിക്കൂർനുള്ളിൽ വെള്ളം താഴും.

30 മുതൽ 60 ദിവസം വരെ ഇടവിട്ട്, മഴയുടെ ശക്തി കൂടിയും കുറഞ്ഞും വരുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ (എംജെഒ) എന്ന പ്രതിഭാസമാണു കേരളത്തിൽ പെരുമഴയ്ക്കു കാരണമായത്. ഇതോടൊപ്പം ഒഡീഷ തീരത്തു ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതും പെരുമഴ വർധിപ്പിച്ചു. സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തേ ആരംഭിച്ചു. മേയ് ആദ്യ ആഴ്ചകളിൽ തന്നെ ശക്തമായ മഴ തുടങ്ങിയിരുന്നു.

കടലിലെ താപനില വർധിക്കുന്നതാണ് ന്യൂനമർദം രൂപപ്പെടുന്നതിന് കാരണം. കടലിലെ താപനില നിയന്ത്രിക്കാൻ പ്രകൃതി തന്നെ സ്വയം കണ്ടെത്തുന്ന പ്രതിഭാസമാണു ന്യൂനമർദവും തുടർന്നുണ്ടാകുന്ന മഴയും. ഒഡീഷ തീരത്തു ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടപ്പോൾ ആ ഭാഗത്തേക്കു വായുവിന്റെ ശക്തമായ പ്രവാഹമാണ് ഉണ്ടായത്. അറബിക്കടലിലെ ഈർപ്പം നിറഞ്ഞ വായുവിനെ ന്യൂനമർദം വലിച്ചെടുത്തു. ഈ വായുവിന്റെ സഞ്ചാരം കേരളത്തിനു മുകളിലൂടെയായിരിക്കും. ഭൂനിരപ്പിനു സമാന്തരമായി സഞ്ചരിക്കുന്ന വായുപ്രവാഹം പശ്ചിമഘട്ട മലനിരകളിൽ തട്ടി കുത്തനെ മുകളിലേക്കു സഞ്ചരിക്കും. കിലോമീറ്ററുകൾ പരന്നു കിടക്കുന്ന മഴമേഘങ്ങളാണു പിന്നീടു രൂപപ്പെടുക. പശ്ചിമഘട്ടം ഉള്ളതിനാൽ ഈ മഴമേഘങ്ങൾ കേരളത്തിനു മുകളി‍ൽ തന്നെ പെയ്തൊഴിയുന്നു.

ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി കടൽവെള്ളത്തിന്റെ ചൂടു വർധിക്കുന്നതാണു ന്യൂനമർദത്തിനു കാരണമാകുന്നത്. സാധാരണ ഗതിയിൽ രണ്ട് ആഴ്ച ഇടവിട്ടായിരിക്കും ന്യൂനമർദം രൂപപ്പെടുന്നത്. എന്നാൽ, ഇത്തവണ ഒന്നിനു പിന്നാലെ ഒന്നായി ന്യൂനമർദം രൂപപ്പെട്ടതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനു കാരണമായത്. മഴ കുറയാൻ അവസരമുണ്ടായില്ല. കടലിലെ താപനില എത്ര ഉയർന്നു എന്നറിയാൻ കൂടുതൽ പഠനങ്ങൾ വേണ്ടിവരും.