സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണമുണ്ടോയെന്ന് നാളെ അറിയാം; അവലോകന യോ​ഗം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകൾ കുത്തനെ വർദ്ധിക്കുന്ന സാഹചര്യത്തിൽ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ‌ അവലോകന യോ​ഗം ചേരും. നാളെ വൈകിട്ട് മൂന്നരയ്ക്കാണ് യോഗം ചേരുക. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്നത് നാളത്തെ യോ​ഗം ചർച്ച ചെയ്യും.

അതേസമയം സംസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, കൊവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവർക്ക് വാക്സീനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓർമ്മിക്കണം. കൊവിഡ് രണ്ടാം തരം​ഗത്തിൽ കേരളത്തിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് മെയ് 12ന് ആയിരുന്നു. അന്ന് 29.76 ആയിരുന്നു ടിപിആർ. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാൻ നമുക്കായി. രോ​ഗികളുടെ എണ്ണം ഏഴിരട്ടിയോളം വർധിക്കുന്ന സാഹചര്യം വരെയുണ്ടായി.

ഓണക്കാലത്തും കൊവിഡ് വ്യാപനം കൂടുതലായിരുന്നു.വാക്സിൻ എടുത്തവർക്ക് രോഗതീവ്രത കുറവാണ്. ഹോം ഐസൊലേഷൻ പൂർണ തോതിൽ ആകണം. അല്ലാത്തവർ മാറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങൾ ചെയ്യുന്നത്. വീട്ടിൽ സൗകര്യം ഇല്ലാത്തവർ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. മൂന്നാം തരംഗം തുടങ്ങിയോ എന്നത് ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.