കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ ആശുപത്രിയിൽ, ആരോ​ഗ്യനില തൃപ്തികരം

മുംബൈ: ദ കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് സുദീപ്തോ സെന്നിനെ പ്രവേശിപ്പിച്ചത്.

നിർജ്ജലീകരണവും അണുബാധയും കാരണം കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരോഗ്യനില നിയന്ത്രണത്തിലാണ്.

ദ കേരള സ്റ്റോറി റിലീസ് പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാഷ്ട്രീയപരമായി വരെ ചിത്രത്തിന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിൻ‌റെ പ്രദർശനം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഇടപെടലും ഉണ്ടായിരുന്നു.

ചിത്രം റിലീസ് ചെയ്ത് 20 ദിവസംകൊണ്ട് 200 കോടി ക്ലബിൽ ഇടംനേടിയിരുന്നു. മെയ് 14ന് നൂറ് കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു.സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്.

കേരളത്തിൽ നിന്നുള്ള ഹിന്ദു യുവതികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. ആദാ ശർമ്മയെ കൂടാതെ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവരും കേരള സ്റ്റോറിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.