കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലും ഏഴാച്ചേരി കാവിന്‍ പുറം ഉമാമഹേശ്വരി ക്ഷേത്രത്തിലും പ്രഭാത കീര്‍ത്തനങ്ങള്‍ക്ക് പകരമിനി കൊറോണ നിര്‍ദ്ദേശങ്ങള്‍

പാലാ: ഇനി ഈ ക്ഷേത്രങ്ങളുടെ പ്രഭാത കീർത്തനവും, ഭക്തി ഗാനവും പുലർകാലെ കേൾക്കാൻ കാത്തിരിക്കുന്നവർ നിരാശരാകും. മഹാ മാരിയായ കൊറോണയുടെ ബോധവല്ക്കരണം ആയിരിക്കും കേൾക്കുക. ആദ്യം ഭക്തരും ലോകവും നിലനില്ക്കട്ടേ. പ്രഭാത കീർത്തനങ്ങൾ ശേഷം മതി. ദുരന്ത കാലത്ത് മാതൃകയായി 2 ആരാധനാലയങ്ങൾ.   പ്രസിദ്ധമായ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലും ഏഴാച്ചേരി കാവിന്‍ പുറം ഉമാ മഹേശ്വരി ക്ഷേത്രത്തിലും നിന്നുള്ള വാര്‍ത്തയാണ് ഏറെ ശ്രദ്ധേയമാകുന്നത്. വ്യാഴാഴ്ച മുതല്‍ പുലര്‍ച്ചെ ക്ഷേത്രങ്ങളില്‍ പ്രഭാതഭേരി കീര്‍ത്തനങ്ങള്‍ ഇനി ഉണ്ടാവില്ല. പകരം മൈക്കിലൂടെ കൊറോണ ബോധവത്കരണ സന്ദേശങ്ങളാവും മുഴങ്ങി കേള്‍ക്കുക.

പുലര്‍ച്ചെ 5.30നും വൈകുന്നേരം ദീപാരാധനയ്ക്ക മുമ്പ് ആയും ആരോഗ്യ വകുപ്പിന്റെ ജന ബോധവത്കരണ നിര്‍ദ്ദേശങ്ങളുടെ റൊക്കോര്‍ഡ് മൈക്കിലൂടെ പ്രക്ഷേപണം ചെയ്യും. ഇക്കാര്യം കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം ദേവസ്വം പ്രസിഡന്റെ സി പി ചന്ദ്രന്‍ നായരും കാവിന്‍ പുറം ഉമ മഹേശ്വരി ക്ഷേത്രം ദേവസ്വം പ്രസിഡന്റ് ടി എന്‍ സുകുമാരന്‍ നായരും വ്യക്തമാക്കി.

ഇരു ക്ഷേത്രങ്ങളുടെയും ഭാരവാഹികളില്‍ നിന്നും ഉണ്ടായ മാതൃകാപരമായ ഈ തീരുമാനത്തിന് കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യ വകുപ്പും എല്ലാ വിധ പിന്തുണയും നല്‍കിയിട്ടുണ്ട്. രണ്ട് ക്ഷേത്രങ്ങളിലും ഇപ്പോള്‍ ഭക്തജനങ്ങള്‍ എത്തുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇതോടൊപ്പം താഴെത്തട്ടിലേക്ക് രോഗ പ്രതിരോധ ബോധവല്‍ക്കരണ നടപടികള്‍ എത്തിക്കുന്നത് ദൈവീക കാര്യമായിത്തന്നെയാണ് തങ്ങള്‍ കാണുന്നതെന്ന് ഇരു ക്ഷേത്രങ്ങളുടെയും ഭാരവാഹികള്‍ പറഞ്ഞു.

മീനച്ചില്‍ താലൂക്കില്‍ മാത്രമായി ചെറുതും വലുതും ആയ മുന്നൂറോളം ക്ഷേത്രങ്ങള്‍ ആണുള്ളത്. എല്ലാ ക്ഷേത്രത്തിലും ഈ മാതൃക സ്വീകരിച്ചാല്‍ പൊതു ജനത്തിന് വളരെ ഉപകാരപ്രദം ആകുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ക്ഷേത്രങ്ങള്‍ ഈ മാതൃക സ്വീകരിച്ചാല്‍ ആരോഗ്യ വകുപ്പിന്റെ സന്ദേശങ്ങള്‍ ദിവസവും പുലര്‍ച്ചയിലും സന്ധ്യയിലും ലക്ഷക്കണക്കിനു ഭക്തരുടെ കാതുകളിലെത്തും.

ദിവസവും നൂറ് കണക്കിന് ഭക്തരാണ് കടപ്പാട്ടൂര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നത്. അത്യപൂര്‍വ്വ പ്രതീഷ്ഠയുള്ള കാവിന്‍ പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ തിങ്കള്‍, വ്യാഴം , ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ഭക്തജനത്തിരക്കേറെ. രണ്ടു ക്ഷേത്രങ്ങള്‍ക്കും സ്വന്തമായി വാട്‌സപ്പ് ഗ്രൂപ്പുമുണ്ട്. ‘കടപ്പാട്ടുരപ്പന്‍ ‘ ഗ്രൂപ്പിലും, ‘കാവിന്‍ പുറത്തമ്മ ‘ ഗ്രൂപ്പിലും ആരോഗ്യ വകുപ്പിന്റെ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.