മലയാളി യുവാവ് ഓസ്‌ട്രേലിയയില്‍ കടലില്‍ മുങ്ങി മരിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തെ ഒന്നാകെ സങ്കട കടലില്‍ ആഴ്ത്തിയിരിക്കുകയാണ് മലയാളി യുവാവിന്റെ അകാല മരണം. കടലില്‍ നീന്താന്‍ ഇറങ്ങവെ മരണം പതിയിരിക്കുന്ന വിവരം കെവിന്‍ എന്ന യുവാവ് അറിഞ്ഞിരുന്നില്ല. തിരമാലകളുടെ ആഴത്തിലേക്ക് കെവിന്‍ പോയപ്പോള്‍ നഷ്ടമായത് നല്ല് മനസിനുടമയായ ഒരു യുവാവിന്റെ ജീവനാണ്.

പര്‍ത്ത് ജൂണ്ടലപ് എഡ്വികൊവാന്‍ യൂണിവേഴ്‌സിറ്റിയിലെ (ഇ.സി.യു) വിദ്യാര്‍ഥിയും ആലുവ ഈസ്റ്റ് കടുങ്ങല്ലൂര്‍ കരിയാട്ടി കുര്യന്‍-സെലിന്‍ ദമ്പതികളുടെ മകനുമായ കെവിന്‍ ആണ് മരിച്ചത്. 33 വയസായിരുന്നു. സുഹൃത്തിനൊപ്പം കടലില്‍ നീന്താന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തിനടുത്തുള്ള കൂജി ബീച്ചില്‍ ഇന്നലെ ഉച്ചയോടെയാണ് കെവിന്‍ മലയാളിയായ മറ്റൊരു സുഹൃത്തിനൊപ്പം നീന്താന്‍ ഇറങ്ങിയത്. ഇതിനിടെ കെവിന്‍ കടലില്‍ മുങ്ങി താഴുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചു. ഉടന്‍ തന്നെ ഫിയോന സ്റ്റാന്‍ലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

യൂ എ ഇയില്‍ ആയിരുന്ന കെവിന്‍ കഴിഞ്ഞ ഒന്നര വര്‍ഷം മുന്‍പാണ് പെര്‍ത്തില്‍ പ്രോജട്റ്റ് മാനേജ്‌മെന്റ് കോഴ്‌സിനായി എത്തിയത്. പെര്‍ത്ത് സെന്റ ജോസഫ് പള്ളി ജൂണ്ടലപ് സെന്‍ട്രലില്‍ ഗായകനും വേദപാഠ അധ്യാപകനായിരുന്നു കെവിന്‍. നാട്ടില്‍ ആലുവ മംഗലപ്പുഴ സെന്റ ജോസഫ് സീറോ മലബാര്‍ ഇടവകാംഗമാണ്. ഭാര്യാ ഇരിങ്ങാലക്കുട ചിറയത്ത് അമുല്യാ നാട്ടിലാണ്. നാല് വയസുള്ള കെന്‍ കെവിന്‍ മകനാണ്.