കെവിന്‍ വധക്കേസ്; ‘കെവിന്‍ കൊല്ലപ്പെട്ടുവെന്ന് ഷാനു വിളിച്ച് പറഞ്ഞു’; സുഹൃത്ത് ലിജോയുടെ മൊഴി

തിരുവനന്തപുരം: കെവിന്‍ കൊലപാതകക്കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ സുഹൃത്തിന്റെ നിര്‍ണായക മൊഴി പുറത്ത്. കെവിന്‍ കൊല്ലപ്പെട്ടെന്ന് ഷാനു വിളിച്ചു പറഞ്ഞതായി ചാക്കോയുടെ സുഹൃത്തും അയല്‍വാസിയുമായ ലിജോ മൊഴി നല്‍കി. കെവിന്‍ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ്’ എന്ന് ഷാനു പറഞ്ഞതായാണ് ലിജോ മൊഴി നല്‍കിയിരിക്കുന്നത്. കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലാണ് ലിജോ മൊഴി നല്‍കിയത്.

ഒന്നാം പ്രതി ഷാനു ഉള്‍പ്പെടെയുള്ള പ്രതികള്‍ കെവിനെ കൊന്നത് തങ്ങളല്ലെന്ന വാദം ഉയര്‍ത്തിയിരുന്നു. തട്ടിക്കൊണ്ട് പോയി നീനുവിനെ ഭീഷണിപ്പെടുത്തി തിരികെ കൊണ്ട് വരിക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പ്രതികള്‍ മൊഴി നല്‍കി. എന്നാല്‍, ഇതിനെ തള്ളിക്കളയുന്നതാണ് 26-ാം പ്രതി ലിജോയുടെ മൊഴി. ചാക്കോയുള്‍പ്പെടെയുള്ളവരെ കോട്ടയത്ത് കൊണ്ട് വന്നതും പൊലീസ് കേസുമായി ബന്ധപ്പെട്ട എല്ലാത്തിനും സാക്ഷിയാവുകയും ചെയ്ത ആളാണ് ലിജോ. അത് കൊണ്ട് തന്നെ ലിജോയുടെ മൊഴി കേസില്‍ അതീവ നിര്‍ണായകമാണ്.

അതേസമയം കെവിന്‍ വധക്കേസിലെ വിചാരണയുടെ മൂന്നാം ദിവസമായ ഇന്ന് കെവിന്റെ ഭാര്യ നീനു ചാക്കോയും ഇന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തുന്നുണ്ട്. കേസിലെ അഞ്ചാം സാക്ഷിയാണ് നീനു. കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ അനീഷിന് ചാക്കോയെ തിരിച്ചറിയാനായിരുന്നില്ല. അതിനാല്‍ തന്നെ കേസില്‍ നീനുവിന്റെ മൊഴി നിര്‍ണായകമാണ്.

2018 മെയ് 27നാണ് കേസിനാസ്പദമായ സംഭവം. പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നതാണ് കേസ്. പത്തു പേരടങ്ങുന്ന സംഘം വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ചാണ് കെവിനുമായി സംഘം കടന്നത്. പിന്നീട് കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.