രണ്ടാഴ്ച ലോക് ഡൗണ്‍ വേണം; ആവശ്യം ശക്തമാക്കി ഡോക്ടര്‍മാര്‍

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്നും അതുകൊണ്ടുതന്നെ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ വേണമെന്നും കെ.ജി.എം.ഒ.എ. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണെന്നും ഈ നിലയില്‍ മുന്നോട്ടുപോയാല്‍ കൂടുതല്‍ അപകടങ്ങളേക്കാണ് പോകുന്നതെന്നും ഗവണ്‍മെന് അശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മറ്റു സംഘനകളും ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നു.

കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണം. കൊവിഡ് കുതിച്ചുയരുന്ന കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ഡൗണ്‍ വേണമെന്നാണ് ഐ.എം.എ ആവശ്യപ്പെടുന്നത്. രണ്ടാഴ്ചയെങ്കിലും ജനങ്ങളെ വീട്ടിലിരുത്തണം. ആശുപത്രികളില്‍ ഇപ്പോള്‍ തന്നെ സൗകര്യങ്ങളില്ല. മനുഷ്യരുടെ ജീവനാണ് വില നല്‍കുന്നതെങ്കില്‍ അതാണ് വേണ്ടത്. ഇല്ലെങ്കില്‍ അപകടമാണെന്ന് സംഘടന ആരോഗ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെയും കൊവിഡ് വിഷയത്തില്‍ സര്‍ക്കാരിനെതിരേ കെ.ജി.എം.ഒ രംഗത്തുവന്നിരുന്നു.

ഇതിന്റെ സൂചന തന്നെയാണ് ഇന്നലെ മുഖ്യമന്ത്രിയും നല്‍കിയത്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ മതി എന്നായിരുന്നു മന്ത്രി സഭാ തീരുമാനം.
കേരളത്തില്‍ വാനോളമുയരുകയാണ് കൊവിഡ് കണക്ക്. ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനവായിട്ടായിരുന്നു ഇന്നലെ മുപ്പനതിനായിരവും കടന്നത്. 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഓരോ ദിവസവും വാണം പോലെ ഉയരുകയാണ് കണക്കുകള്‍. മരണ സംഖ്യയും ഉയരുന്നു. ഇന്നലെ എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 41 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5211 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി എന്നതുമാത്രമാണ് ഇന്നലെ അല്‍പം ആശ്വാസത്തിനു വകയുള്ളത്.