ഒരു കൈ നീട്ടി പനിച്ചൂടുള്ള ദേഹത്തേയ്ക്ക് വലിച്ചടുപ്പിച്ചു, അവന്റെ ഹൃദയം എന്റെ ഹൃദയത്തോട് സ്നേഹം പറഞ്ഞു, കിടിലം ഫിറോസ്

ആസാമി സ്വദേശിയായ അഛനി കലിത്ത എന്ന സാധുവായ യുവാവിനെകുറിച്ച് ഹൃദയംതൊടും കുറിപ്പ് പങ്കുവയ്ക്കുകയാണ് ഫിറോസ്. അഛനി കലിത്ത എന്ന സാധുവായ ബാലനെ ആദ്യമായി കാണുമ്പോൾ കയ്യിൽ ഒരു മുഴയുണ്ടായിരുന്നു. അത് കാൻസർ വേദനകളുടെ ആഴങ്ങളിലേക്ക് അവനെ കൊണ്ടുപോയ വേരായിരുന്നുവെന്ന് ഫിറോസ് പറയുന്നു. കുറിപ്പിങ്ങനെ

അവനൊരു കുഞ്ഞു മുഴ കയ്യിൽ ! ഭാഷയറിയില്ല .ആസാമി ആണ് അഛനി കലിത്ത എന്ന് പേര് . മുഴ പതിയെ വളർന്നു വളർന്നു വരുന്നുണ്ട് .
റീജിയണൽ കാൻസർ സെന്ററിൽ മാത്രം ചികിൽസിക്കേണ്ട മുഴയാണ് !! സാന്ത്വനം എന്ന സ്നേഹക്കൂടിൽ അവിടുത്തെ സിസ്റ്റർമാരുടെ കരുതലിൽ താമസിച്ചു ചികിത്സയ്ക്ക് ശ്രമിക്കവെയാണ് ഒരിക്കൽ ഞാനവിടെ ഭക്ഷണവുമായി എത്തുന്നത് .കണ്ടപ്പോ നിറയെ മുടിയുള്ള ആരോഗ്യ ദൃഢ ഗാത്രനായ ഒരു ചെറുപ്പക്കാരൻ .അവന് വിളമ്പിയ ഭക്ഷണത്തേക്കാൾ ഇഷ്ടമായത് ഭാഷ അറിയില്ലെങ്കിലും ഞങ്ങൾ തമ്മിൽ സംസാരിച്ച സമയമായിരുന്നു എന്ന് പിന്നീട് പറഞ്ഞത് ഓർക്കുന്നു .

കണ്ണുകൾ കൊണ്ട് അവൻ ചികിത്സയ്ക്ക് പണമില്ലെന്ന് പറഞ്ഞു . ഹൃദയം കൊണ്ട് ഞാനതു കേട്ടു . മനസ്സു നിറയെ സ്നേഹമുള്ള എന്റെ ഗുരുനാഥൻ പ്രദീപ് മാഷും അദ്ദേഹത്തിന്റെ കുട്ട്യോളും ചികിത്സ ഏറ്റെടുത്തു . പിന്നെ കുറച്ചുനാൾ അവിടേയ്ക്ക് പോകാനായില്ല . പിന്നെ കാണുമ്പോൾ അവനൊരു കൈ ഉണ്ടായിരുന്നില്ല !!! ഒരു കൈ നീട്ടി അവനെന്നെ അവന്റെയാ പനിച്ചൂടുള്ള ദേഹത്തേയ്ക്ക് വലിച്ചടുപ്പിച്ചു .അന്നെരം അവന്റെ ഹൃദയം എന്റെ ഹൃദയത്തോട് സ്നേഹം പറഞ്ഞു .എനിക്കാസാമിയും അവനു മലയാളവും അറിയില്ലെങ്കിലും അന്നും ഞങ്ങളൊരുപാട് നേരം മിണ്ടി .ഒത്തിരി ചിരിച്ചു .അവനു വിളമ്പ . പോകാൻ നേരം അവൻ കണ്ണുകൾ കൊണ്ട് ഇക്കാ എന്ന് വിളിച്ചതുപോലെ തോന്നി . ചോദിച്ചപ്പോ അവനൊരു ഫോൺ വേണം അമ്മയെ വിളിക്കാനാണ് . പ്രിയ അനുജനും പട്ടം ജംക്ഷനിൽ മാസ്‌ട്രോഫോൺ എന്ന സ്ഥാപനം നടത്തുന്ന അനുജനുമായ അയ്യൂബ് സഹായവിലക്ക് ഒരു ഫോൺ തന്നു സഹായിച്ചു . അതവന് കൊടുത്തു പിന്നെയും പിരിഞ്ഞു .

ഒരു ദിവസം പരിചയമില്ലാത്ത ഭാഷയിൽ പരിചയമുള്ള ശബ്ദത്തിൽ ഒരു കാൾ -ഇക്കാ എന്നാണ് അവൻ വിളിക്കാൻ ശ്രമിച്ചത് .ഞാൻ പച്ചമലയാളത്തിൽ അഛനി ആണോ മോനെ എന്ന് ചോദിച്ചു .മറുപടി നല്ല അസ്സല് ആസാമി ഭാഷയിൽ അനർഗളനിർഗളം കൊറേയേറെ എന്തൊക്കെയോ .കരച്ചിലുണ്ട് ,സന്തോഷമുണ്ട് ,വിടപറയലുണ്ട് ,നന്ദിപറച്ചിലുണ്ട് .അതൊന്നും എന്റെ ചെവിക്ക് മനസിലായില്ലെങ്കിലും ഹൃദയത്തിന് അക്ഷരം തെറ്റാതെ മനസിലാക്കാനായി . പോയിട്ട് വാടാ മോനേ എന്ന് ഞാൻ തിരിച്ചു ആസാമീസിൽ എന്തോ ഒന്ന്
പശ്ചാത്തലത്തിൽ തീവണ്ടി സ്റ്റേഷന്റെ ശബ്ദം . അച്ഛനി തിരികെ യാത്രയായി .

ഇനിയൊരിക്കലും കാണാതിരിക്കാൻ ആണ് എന്റെ പ്രാർത്ഥന .കാരണം അവനിനി വരേണ്ടി വരുന്നു എന്നാൽ അവനെ പിന്നെയും കാൻസർ കവർന്നു പടർന്നു കയറുന്നു എന്നാണർത്ഥം .നമ്മളിത് സംസാരിക്കുമ്പോൾ അവൻ ആസാമിന്റെ ഏതോ പച്ചപ്പ്‌ നിറഞ്ഞ ഗ്രാമത്തിൽ ഒരു കുഞ്ഞു മേൽക്കൂരയ്ക്ക് കീഴിൽ കുടുംബത്തോടൊപ്പം സന്തോഷമായി ഇരിക്കുകയാകണം എന്ന് വിശ്വസിക്കാനാണ് ഇഷ്ടം .അവനോർക്കുന്നുണ്ടാകും -മലയാളത്തെ ,കേരളത്തിന്റെ സ്നേഹ ചൂടിനെ ,സാന്ത്വനത്തിലെ സിസ്റ്ററമ്മമാരുടെ വാത്സല്യത്തെ ,അവന്റെ മുറിഞ്ഞുപോയ ഇടതു കൈയെ .ഒപ്പം ഞാനുമവനും പകുത്ത ,ഞങ്ങൾക്ക് മാത്രം അന്യോന്യം മനസിലായ ആ ഹൃദയ ഭാഷയെ !! ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ അചാനിക്ക് .
പരക്കട്ടെ പ്രകാശം