
ലൈംഗികചുവയുള്ള ഇമെയിലുകള്‍ അയച്ചെന്ന് ആരോപണം ഉന്നയിച്ച് മേലുദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവതി രംഗത്ത്. ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമുണ്ടോ എന്ന രീതിയില്‍ ചില ചുരുക്കെഴുത്തുകള്‍ ഇ-മെയില്‍ സന്ദേശത്തിലൂടെ ഇദ്ദേഹം അയച്ചുവെന്നാണ് യുവതിയുടെ പരാതി ഉന്നയിച്ചത്.
ഇംഗ്ലണ്ട് സ്വദേശിയായ കരീന ഗാസ്പറോവ എന്ന യുവതിയാണ് കോടതിയെ സമീപിച്ചത്. essDOCS ലെ ഐടി ജീവനക്കാരിയാണ് ഗാസ്പറോവ. തന്റെ ബോസായിരുന്ന അലക്‌സാണ്ടര്‍ ഗൗലാണ്ട്രിസിനെതിരെയാണ് ഗാസ്പറോവ പരാതി നല്‍കിയിട്ടുള്ളത്. 2019 മുതല്‍ അലക്‌സാണ്ടര്‍ തന്നോട് മോശമായ രീതിയില്‍ പെരുമാറിയെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ കരീന ഗാസ്പറോവിന്റെ ആരോപണങ്ങള്‍ വിശദമായി കേട്ട ലണ്ടന്‍ കോടതിയിലെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ കേസ് തള്ളുകയായിരുന്നു. ഗൗലാണ്ട്രിസ് തനിക്ക് അയച്ച ഇമെയില്‍ സന്ദേശങ്ങളില്‍ ലൈംഗികചുവയോടെ സംസാരിച്ചുവെന്നായിരുന്നു യുവതി ഉന്നയിച്ച ആരോപണം. ഇമെയിലുകളില്‍ ‘xx’ എന്ന ചുരുക്കരൂപം ഉപയോഗിച്ചിരുന്നു. അത് തന്നെ ചുംബിക്കുന്നു എന്ന് സൂചിപ്പിക്കുന്നുവെന്നും ‘yy’ എന്നുള്ള കോഡ് ലൈംഗിക ബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നെന്നും ആണ് യുവതി പറഞ്ഞിരുന്നത്.
തന്റെ ആരോപണങ്ങള്‍ തെളിയിക്കുന്ന ഇ-മെയില്‍ സന്ദേശം ചൂണ്ടിക്കാണിച്ചായിരുന്നു യുവതിയുടെ വാദം. ഇ – മെയിലിലെ ചില കോഡുകള്‍ ഗൗലാണ്ട്രിസിന് തന്നോടുള്ള ലൈംഗികതാല്‍പ്പര്യമാണ് കാണിക്കുന്നതെന്നും യുവതി ആരോപിക്കുകയായിരുന്നു. എന്നാല്‍ ഇമെയിലില്‍ തെറ്റായ രീതിയില്‍ യാതൊന്നുമില്ലെന്നും ഔദ്യോഗിക വിവരം അന്വേഷിച്ചുള്ള അഭ്യര്‍ത്ഥനയായി മാത്രമേ കാണാന്‍ കഴിയുള്ളുവെന്നുമാണ് കോടതി ഒടുവിൽ നിരീക്ഷിച്ചത്.
ഇതിനിടെ കംപ്യൂട്ടര്‍ മൗസിനായി എത്തിയപ്പോള്‍ ഗൗലാണ്ട്രിസ് തന്റെ കൈയ്യില്‍ സ്പര്‍ശിച്ചെന്നും ഗാസ്പറോവ ആരോപണമുന്നയിച്ചു. പിന്നീട് ഒരിക്കല്‍ അയാള്‍ ആകര്‍ഷകമായ ശബ്ദത്തില്‍ ‘നല്ലൊരു സായാഹ്നം ആശംസിക്കുന്നുവെന്ന്’ പറഞ്ഞുവെന്നും തന്നെ അയാള്‍ മോശം രീതിയിൽ തുറിച്ച് നോക്കിയെന്നും ഗാസ്പറോവ ആരോപിക്കുന്നു. ഒരിക്കല്‍ തന്റെ കാലില്‍ ഇദ്ദേഹം അനാവശ്യമായി സ്പര്‍ശിച്ചു – ഗാസ്പറോവ ആരോപിച്ചു.
എന്നാല്‍ 2019ല്‍ നടന്ന ഈ കാര്യങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്നും നിരുപദ്രവകരമായിരുന്നുവെന്നുമാണ് കോടതി നിരീക്ഷിച്ചത്. ദൈനംദിന സംഭവങ്ങളെ വളച്ചൊടിക്കുന്ന രീതിയിലുള്ള ആരോപണങ്ങളാണ് ഗാസ്പറോവ നടത്തിയത് എന്നും കോടതി പറഞ്ഞു. തെളിവുകളില്ലാതെ ആരോപണം നടത്തിയെന്നും കോടതി കണ്ടെത്തി. തുടര്‍ന്ന് കേസ് തള്ളുകയും ചെയ്തു. 2019ലാണ് ഗാസ്പറോവ ഈ കമ്പനിയില്‍ ജോലിയ്ക്കായി എത്തിയത്. 2021ല്‍ ഗൗലാണ്ട്രിസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ഇവര്‍ പരാതി നല്‍കിയിരുന്നു. പരാതി തള്ളിയതോടെ പിന്നീട് കമ്പനിയില്‍ നിന്ന് യുവതി രാജിവെയ്ക്കുകയും ചെയ്യുകയുണ്ടായി.