മന്ത്രി ശൈലജ ബി.ബി.സി ന്യൂസിൽ, നയങ്ങൾ വിശദീകരിച്ചു

ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ബിബിസി ന്യൂസിൽ അഥിതിയായി എത്തി. കേരളത്തിന്റെ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. . ഇന്നലെ ബിബിസിയാണ് കേരള മാതൃകയുടെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് കേരളത്തിൻ്റെ ആരോഗ്യ മന്ത്രിയോട് ആരാഞ്ഞത്.  തിരുവനന്തപുരത്ത് നിന്ന് ലൈവായിട്ടായിന്നു വാര്‍ത്താ സംപ്രേഷണം.ഇന്ത്യയിലെ ജനസംഖ്യയെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇതുവരെയുളള മരണനിരക്കുകള്‍ താരതമ്യേന കുറവാണെന്നും ബിബിസി വ്യക്തമാക്കി. അതിന് ശേഷമാണ് ബിബിസി കേരളത്തിന്റെ സവിശേഷതകള്‍ ചൂണ്ടിക്കാണിച്ചത്. കേരളത്തില്‍ മൂന്നര കോടി ജനങ്ങളുണ്ട്. എന്നാല്‍ ഇതുവരെ നാല് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തെന്നും ബിബിസി ചൂണ്ടിക്കാട്ടി. ഇങ്ങനെ ഫലപ്രദമായി കൊറോണയെ നേരിടുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രശംസ നേടുന്നത് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയാണെന്നും പറഞ്ഞുകൊണ്ടാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധ അനുഭവങ്ങള്‍ ശൈലജ ടീച്ചറോട് ചോദിച്ചത്. കഴിഞ്ഞയാഴ്ചയാണ് ലണ്ടനില്‍നിന്നുള്ള ഗാര്‍ഡിയന്‍ പത്രം കെ.കെ ശൈലജയുമായുള്ള വിശദമായ അഭിമുഖം പ്രസിദ്ധീകരിച്ചത്.

https://www.facebook.com/keraladisasterhelpdesk/videos/239998647325162/

കേരളം തുടക്കം മുതല്‍ എടുത്ത പ്രതിരോധ നടപടികളാണ് സംസ്ഥാനത്തിന് കോവിഡിനെ പ്രതിരോധിക്കാന്‍ സഹായകരമായതെന്ന് ശൈലജ ടീച്ചര്‍ വിശദീകരിച്ചു. ചൈനയിലെ വുഹാനില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത ഘട്ടം മുതല്‍ കേരളം സജ്ജമായി തുടങ്ങിയതായി ടീച്ചര്‍ പറഞ്ഞു. പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വിമാനത്താവളങ്ങളില്‍ പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. പുറത്തുനിന്നുവരുന്നവരെ നിരീക്ഷിച്ചു. ഇപ്പോള്‍ മറ്റിടങ്ങളില്‍നിന്ന് വരുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.ലോകത്തെ ഏറ്റവും വലിയ ലോക്ഡൗണ്‍ ആണ് ഇന്ത്യയില്‍ എന്നു പറഞ്ഞു കൊണ്ടാണ് ബിബിസി വാര്‍ത്ത തുടങ്ങിയത്.

കോവിഡ് കാലത്ത് കേരളത്തിന്റെ പ്രതിരോധത്തിന് ശൈലജ ടീച്ചര്‍ നല്‍കിയ നേതൃത്വത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അഭിനന്ദിച്ചിരുന്നു. കര്‍ണാടക മന്ത്രി കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇന്നലെ മഹാരാഷ്ട്ര ആരോഗ്യമന്ത്രിയും ശൈലജ ടീച്ചറുമായി ചര്‍ച്ച നടത്തുകയും കേരളത്തിന്റെ പ്രതിരോധ രീതികളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.