വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പക പോക്കുകയാണെന്ന് കെഎം ഷാജി

ആസൂത്രിതമായ വേട്ടയാടല്‍ ആണ് തനിക്കെതിരെ നടന്നതെന്ന് കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധന ഇന്നലെ 11.30 ഓടെയാണ് അവസാനിച്ചത്. വിജിലന്‍സ് 50 ലക്ഷം രൂപയാണ് അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

ഈ രൂപയുടെ രേഖകകള്‍ കൈയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സിനെ ഉപയോഗിച്ച്‌ മുഖ്യമന്ത്രി പക പോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റെയ്ഡ് നടന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ്.പിണറായിക്ക്  തന്നെ പൂട്ടാന്‍ കഴിയില്ലെന്നും വിജിലന്‍സ് റെയ്ഡ് പ്രതീക്ഷിച്ച നാടകമാണെന്നും കെ.എം. ഷാജി പറഞ്ഞു.

അരക്കോടി രൂപ ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുവന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സിനോട് രേഖകള്‍ ഹാജരാക്കാന്‍ ഒരുദിവസത്തെ സമയം ഷാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. കൃത്യമായ സോഴ്സ് പണത്തിന് കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഷാജിയെ അറസ്റ്റ് ചെയ്യും. റെയ്‌ഡ്‌ ഇന്നലെ രാവിലെ ഏഴ് മണിക്കാണ് ആരംഭിച്ചത്. ഷാജിയുടെ കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും, കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും ഒരേ സമയം ആണ് റെയ്‌ഡ്‌ നടത്തിയത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.