അപൂര്‍വ്വ ശസ്ത്രക്രിയ, 26 വര്‍ഷങ്ങള്‍ക്ക് ശേഷം തലയോട്ടിക്കുള്ളില്‍ കുടുങ്ങിയ കത്തി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

തലയോട്ടിക്കുള്ളില്‍ കുടുങ്ങിയ കത്തി 26 വർഷങ്ങൾക്കുശേഷം പുറത്തെടുത്തു. ചൈനയിലാണ് അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. നാലിഞ്ച് നീളമുള്ള കത്തിയാണ് ദുവോറിജി എന്ന 76കാരന്റെ തലയോട്ടിക്കുള്ളില്‍ നിന്ന് നീക്കം ചെയ്തത്. 26 വര്‍ഷം മുന്‍പ് ഒരു ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ തലയ്ക്ക് കുത്തേല്‍ക്കുകയായിരുന്നു. കുത്താനുപയോഗിച്ച കത്തി ഒടിഞ്ഞ് തലയ്ക്കുള്ളില്‍ കുടുങ്ങി.ഷാങ്‌ദോങ് ക്വാന്‍ഫോഷന്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. രോഗി സുഖംപ്രാപിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

കടുത്ത തലവേദന, വലത് കണ്ണിന്റെ കാഴ്ച്ചക്കുറവ് എന്നീ ആരോഗ്യ പ്രശ്നങ്ങളുമായി 2012ല്‍ ആണ് ദുവോറിജി ചികിത്സതേടിയെത്തിയത്. തലയ്ക്കുള്ളിലെ കത്തി നീക്കംചെയ്യുകയല്ലാതെ പ്രശ്‌നങ്ങള്‍ക്ക് മറ്റു പരിഹാരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് രണ്ടു ഘട്ടങ്ങളിലുള്ള ശസ്ത്രക്രിയ വിജയകരമായിത്തന്നെ പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. രോഗി വളരെവേഗം സുഖംപ്രാപിച്ചതായും ഇപ്പോള്‍ തനിയെ നടക്കാന്‍ സാധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മാത്രമല്ല, തലവേദന മാറുകയും നഷ്ടപ്പെട്ടു തുടങ്ങിയ കാഴ്ച തിരികെ ലഭിക്കുകയും ചെയ്തു.

ശസ്ത്രക്രിയയുടെ വിജയത്തെ വൈദ്യശാസ്ത്രത്തിലെ അത്ഭുതമായാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുന്‍പായി എടുത്ത രോഗിയുടെ തലയുടെ എക്‌സ്-റേയുടെ ദൃശ്യം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്