പ്രളയ സെസ് പിരിക്കുമ്പോഴും ധൂര്‍ത്തിന് കുറവില്ല, പിണറായി കേരളത്തിന് ബാധ്യതയായി മാറി; കൊടിക്കുന്നില്‍ സുരേഷ്

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രളയസെസ് പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സെസ് പിരിക്കുമ്പോഴും ഇവിടെ ധൂര്‍ത്തിന് കുറവില്ലെന്നും അദ്ദേഹം പറയുന്നു. ഉപദേശകന്മാരുടെ ശൃംഖല സൃഷ്ടിച്ചിരിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ബാധ്യതയാണ്. കേന്ദ്ര സഹായം നേടിയെടുക്കാന്‍ എം പിമാരുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

മഴയിലും മണ്ണിടിച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ഇതുവരെ കൈമാറിയിട്ടില്ല. പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കേരളത്തിലെ പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചില്ല. കേന്ദ്ര സംഘത്തെ എത്തിക്കുന്നതിലും, അര്‍ഹിക്കുന്ന കേന്ദ്ര സഹായം നേടുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍വ്വകക്ഷി സംഘം കേന്ദ്രത്തില്‍ പോയി വിവരങ്ങള്‍ ധരിപ്പിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

എം പിമാരെ കാണാന്‍ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ താല്‍പര്യമില്ല. ലോക് സഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയാണ് ഇതിന് കാരണം. എം പിമാരെ ബൈപാസ് ചെയ്ത് ഡല്‍ഹിയില്‍ ഒരാളെ നിയമിച്ചതുകൊണ്ട് ഒരു ഉപയോഗവും ഉണ്ടാകില്ലെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.