പാലായില്‍ ഇടതുമുന്നണി തന്നെ ജയിക്കും; ശബരിമലയിലേക്കില്ല; കോടിയേരി

പാലായിലെ ഉപതെരഞ്ഞടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് സജ്ജമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നല്ലനിലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന രാഷ്ട്രീയം എല്‍ഡിഎഫിനനകൂലമാണ്. ലോക്സഭാ തെരഞ്ഞടുപ്പ് കാലത്തുണ്ടായ രാഷ്ട്രീയ സാഹചര്യമല്ല നിലനില്‍ക്കുന്നത്. ലോക്സഭാ തെരഞ്ഞടുപ്പിന് ശേഷമുണ്ടായ ഉപതെരഞ്ഞടുപ്പുകളിലെല്ലാം എല്‍ഡിഎഫിനായിരുന്നു വിജയമെന്നും കോടിയേരി പറഞ്ഞു.

ഈ ഉപതെരഞ്ഞടുപ്പ് യുഡിഎഫിനാണ് ഏറെ വെല്ലുവിളി. സ്ഥാനാര്‍ത്ഥിയെ താന്‍ തീരുമാനിക്കുമെന്നാണ് പിജെ ജോസഫ് പറയുന്നത്. താന്‍ പറയുന്ന ആള്‍ സ്ഥാനാര്‍ത്ഥിയായാലേ പാര്‍ട്ടി ചിഹ്നം തരികയുള്ളു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജോ്സ് കെ മാണിയും തയ്യാറാല്ല. ഇക്കൂട്ടത്തില്‍ യുഡിഫ് ആര് പറയുന്നത് അംഗീകരിക്കുമെന്നും കോടിയേരി ചോദിച്ചു. കഴിഞ്ഞ തവണ കെഎം മാണി മത്സരിച്ചിട്ട് പോലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് കോടിയേരി പറഞ്ഞു.

അതേസമയം പാലായിലെ മാത്രം ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനെതിരെ കോടിയേരി രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിന് പിന്നില്‍ തെരഞ്ഞടുപ്പു കമ്മീഷന്റെ രാഷ്ട്രീയ കുതന്ത്രമാണ്. ബിജെപി തെരഞ്ഞടുപ്പ് കമ്മീഷനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു

സെപ്തംബര്‍ 23നാണ് പാലാ നിയോജകമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 27നാണ്. മണ്ഡലത്തില്‍ എം.എല്‍.എ ഇല്ലാതായിട്ട് ഒക്ടോബറില്‍ ആറുമാസം തികയുന്ന പഞ്ചാത്തലത്തിലാണ് സെപ്തംബര്‍ മാസത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഈ മാസം 28ന് ഉപതിരഞ്ഞെടുപ്പ് ഗസറ്റില്‍ വിജ്ഞാപനം ചെയ്യും. ഇന്ന് മുതല്‍ പാലാ നിയോജകമണ്ഡലമുള്ള കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

സെപ്തംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഏഴാം തിയതിയാണ്.കേരളത്തിലുള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.