Home topnews കേരളത്തില്‍ മുസ്ലീം വര്‍ഗീയത വളരുന്നു, ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്,...

കേരളത്തില്‍ മുസ്ലീം വര്‍ഗീയത വളരുന്നു, ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്, കോടിയേരി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് പിന്നാലെ ശബരിമല വിഷയത്തിലെ തിടുക്കം തിരിച്ചടിയായെന്ന വിമര്‍ശനം സര്‍ക്കാരിനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനസമിതി യോഗത്തിലും ചര്‍ച്ച ശബരിമല വിഷയമായിരുന്നു. ഹിന്ദു മതവിശ്വാസികള്‍ പാര്‍ട്ടിയില്‍ നിന്നു വിട്ടുപോകുമെന്ന് വിലയിരുത്തലുണ്ടായി. ന്യൂനപക്ഷ വര്‍ഗീയതയെ പിന്തുണച്ചതും ഹൈന്ദവ വിശ്വാസങ്ങളെ മാനിക്കാതിരുന്നതുമാണ് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണമെന്നാണു സമിതിയുടെ വിലയിരുത്തല്‍.

തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റത്തിന് ആഹ്വാനം ചെയ്യുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത വളരുകയാണ്. ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും കോടിയേരി പറഞ്ഞു. ശബരിമല യുവതീപ്രവേശത്തിനു മുന്‍കൈ എടുക്കേണ്ടെന്നാണു സിപിഎം തീരുമാനം. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചു മുന്നോട്ടു പോയാല്‍ മതി. ഈ തീരുമാനം രേഖയിലുള്‍പ്പെടുത്തി. ജനങ്ങളോടു വിനയത്തോടെ ഇടപെട്ടു വിശ്വാസം വീണ്ടെടുക്കണമെന്നതും നേതാക്കളുടെ പശ്ചാത്തലം സംശയത്തിന് അതീതമാകണമെന്നതും തെറ്റുതിരുത്തല്‍ രേഖയില്‍ ഉള്‍പ്പെടുത്തി. വിശ്വാസികള്‍ക്കൊപ്പമാണെന്നു അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കണം.

സംഘടനാസംവിധാനത്തെ അടിമുടി ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള തെറ്റുതിരുത്തല്‍ പ്രക്രിയയില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. ആറുദിവസത്തെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ശബരിമലയില്‍ ഒരു തിരുത്തല്‍ വേണമെന്ന പൊതു വികാരമാണ് ഉയര്‍ന്നത്. നിലപാടില്‍ മാറ്റം വരുത്താനാവാത്തതിനാല്‍ യുവതിപ്രവേശത്തിന് മുന്‍കൈ എടുക്കേണ്ടെന്ന് നേതാക്കളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.