കേരള കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടിയെന്ന് കോടിയേരി

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കഴിഞ്ഞ ദിവസമാണ് യുഡിഎഫ് മുന്നണിയില്‍ നിന്നും പുറത്താക്കിയത്. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്നും പുറത്തായ ശേഷം പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടിയെന്ന് കോടിയേരി പറഞ്ഞു. ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.

കേരള കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് ദുര്‍ബലപ്പെടും. രാഷ്ട്രീയ രംഗത്തെ മാറ്റങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നു. ജോസ് കെ.മാണി വിഭാഗവും സി പി എം നേതൃത്വവുമായി ഇടനിലക്കാര്‍ വഴി ആശയവിനിമയം നടന്നെന്ന സൂചനകള്‍ക്കിടെയാണ് കോടിയേരിയുടെ ലേഖനം. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ കോടിയേരിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.