Home kerala കൊല്ലത്തുണ്ടായത് വൻ തീപിടിത്തം, 75 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു, ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പൊട്ടിത്തെറിക്ക് കാരണമായി

കൊല്ലത്തുണ്ടായത് വൻ തീപിടിത്തം, 75 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു, ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പൊട്ടിത്തെറിക്ക് കാരണമായി

കൊല്ലം: കൊല്ലത്ത് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ജില്ലാ മരുന്ന് സംഭരണശാലയിൽ ഉണ്ടായത് വൻ തീപിടിത്തം. ഗോഡൗൺ പൂർണ്ണമായും കത്തി നശിച്ചു. രാത്രി ഏറെ വൈകിയും തീ കെടുത്താനുള്ള ശ്രമങ്ങൾ തുടർന്നു. സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. . തീപിടിത്തത്തെ തുടർന്ന് ഉയർന്ന പുകയിൽ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പരാതി വന്നതോടെയാണ് നാട്ടുകാരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്.

പോലീസിന്റെയും അഗ്നി രക്ഷാ സേനയുടെയും സംയുക്ത ഇടപെടൽ ദുരന്തത്തിന്റെ വ്യാപിതി കുറച്ചു.
ആശുപത്രികളിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ പൊട്ടിത്തെറിയ്‌ക്കുന്ന ശബ്ദം പ്രദേശവാസികളിൽ ഭയമുണ്ടാക്കി. ആശങ്ക പടർന്നതിന് പി്ന്നാലെ എംജി കോളനിയിലെയും പരിസര പ്രദേശങ്ങളിലെയും 75 കുടുംബങ്ങളെ ഒഴിപ്പിച്ചു. സംഭവത്തെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചു.

പരസ്പരം ബന്ധിപ്പിച്ചുള്ള ഷീറ്റ് മേഞ്ഞ മൂന്ന് കെട്ടിടങ്ങളിൽ ഇടത് വശത്തെ കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും നിലംപതിച്ചു. ഭിത്തികൾ കത്തിക്കരിയുകയും മരുന്നുകൾക്കൊപ്പം അവ സൂക്ഷിച്ചിരുന്ന റാക്കുകളും കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കത്തി നശിച്ചു.

മരുന്നുകൾ കത്തിയതോടെ അസഹനീയമായ ദുർഗന്ധവും പരിസരങ്ങളിൽ വ്യാപിച്ചു. ഇരുപതോളം ഫയർ എൻജിനുകളായിരുന്നു രക്ഷാപ്രവർത്തനത്തിനായി എത്തിയത്. ഏകദേശം പത്ത് കോടിയുടെ മരുന്ന് കത്തിനശിച്ചുവെന്നാണ് പ്രാഥമിക വിവരം. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് എത്തിയ്‌ക്കുന്നത് ഇവിടെ നിന്നായിരുന്നു.