കോട്ടയത്ത് ബസും കാറും കൂട്ടിയിടിച്ച് ബന്ധുക്കളായ 3 പേർ മരിച്ചു

കോട്ടയം: പുതുപ്പള്ളിക്കു സമീപം കൊച്ചാലുംമൂട്ടിൽ ബസും കാറും കൂട്ടിയിടിച്ച് ബന്ധുക്കളായ 3 പേർ മരിച്ചു. മുണ്ടക്കയം മുരിക്കമ്മേട് കുന്നപ്പള്ളിൽ കുഞ്ഞുമോന്റെ മകന്‍ ജിൻസ് (32) സഹോദരി ഭർത്താവ് കവിയൂർ സ്വദേശി മുരളി (68) മുരളിയുടെ മകൾ ചിങ്ങവനം സ്വദേശി ജലജ എന്നിവരാണ് മരിച്ചത്. ജലജയുടെ മകൻ അമിത് (10), ജലജയുടെ അനുജത്തിയുടെ മകൻ അതുൽ (8) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പാമ്പാടിയിലെ മരണവീട്ടിൽ പോയ ശേഷം ബന്ധുക്കളെ പത്തനംതിട്ട കവിയൂരിലെ വീട്ടിൽ വിടാൻ പോകുന്നതിനിടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ജലജയുടെ മക്കളായ അതുലിനെയും അഷിനെയും പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.

ചങ്ങനാശ്ശേരിയില്‍ നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കോട്ടയം വടക്കേക്കര എല്‍ പി സ്‌കൂളിന് സമീപം കൊച്ചാലുംമൂട് വെച്ചാണ് അപകടമുണ്ടായത്.