എംജി സര്‍വകലാശാല വിസി ഡോ.സാബു തോമസിന് പുനർ നിയമനം ഇല്ല, സര്‍ക്കാര്‍ നിര്‍ദേശം ഗവര്‍ണര്‍ തള്ളി, മൂന്നംഗ പാനല്‍ ആവശ്യപ്പെട്ടു

കോട്ടയം എംജി സര്‍വകലാശാല വിസി ഡോ.സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ വിസി തിരഞ്ഞെടുപ്പിന് ആവശ്യമായ മൂന്നംഗ പാനല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഡോ.സാബു തോമസ് ശനിയാഴ്ച വിരമിക്കാനിരിക്കെയാണ് രാജ്ഭവന്റെ ഈ നിര്‍ദേശം. ശനിയാഴ്ച വിരമിക്കുന്ന വിസിക്ക് തുടര്‍ നിയമനം നല്‍കാനായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നൽകിയിരുന്നതാണ്. സാബു തോമസിന്റെ പേര് ഗവര്‍ണര്‍ നേരത്തെ പിരിച്ചു വിടാൻ നോട്ടിസ് നല്‍കിയ വിസിമാരുടെ കൂട്ടത്തിൽ ഉണ്ട്.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിന് സമാനമാണ് സാബു തോമസിന് പുനര്‍ നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ നിലപാട് എന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിലപാട് എടുത്തിരുന്നു. ചട്ടവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പാരിതോഷികമായാണ് സര്‍ക്കാര്‍ സാബു തോമസിന് പുനര്‍ നിയമനം നല്‍കുന്നതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിച്ചിരുന്നു.

സുപ്രീം കോടതി വിധിയോടെ നിയമനം അസാധുവായ സാഹചര്യത്തിൽ ഗവര്‍ണര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്ന എംജി യൂണിവേഴ്സിറ്റി വിസി ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കുകയോ നിയമന കാലാവധി നീട്ടി നല്‍കുകയോ വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിന് സമാനമാണ്. സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം അംഗീകരിക്കരുതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

സര്‍വകലാശാലക്ക് നാക്ക് അംഗീകാര നടപടികള്‍ അവസാന ഘട്ടത്തിലായതിനാൽ നിലവിലെ വിസി തുടരേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്താണ് പുനര്‍നിയമനശുപാര്‍ശ എന്ന വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. മുന്‍മന്ത്രി കെ. ടി. ജലീല്‍ തോറ്റ 125 ബി.ടെക് വിദ്യാര്‍ത്ഥികളെ അദാലത്തിലൂടെ മോഡറേഷന്‍ മാര്‍ക്ക് നല്‍കി കൂട്ടത്തോടെ വിജയിപ്പിക്കുന്നതിനുള്‍പ്പടെ ചട്ടവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചതിന് പാരിതോഷികമായാണ് സര്‍ക്കാര്‍ സാബു തോമസിന് പുനര്‍ നിയമനം നല്‍കുവാന്‍ താല്പര്യപ്പെടുന്നതെന്നും സമിതി ആരോപിച്ചിരുന്നു.

മേയ് 27-ന് സാബു തോമസ് വിരമിക്കുന്നതോടെ സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളുടെ തലപ്പത്ത് വിസിമാര്‍ ഇന്‍ചാര്‍ജ്കാരായി മാറുകയാണ്. സര്‍വകലാശാലകളില്‍ ഇന്‍ചാര്‍ജ് വിസിമാരും കോളേജുകളില്‍ ഇന്‍ചാര്‍ജ് പ്രിന്‍സിപ്പല്‍മാരും തുടരുന്നത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.