ഇന്‍സ്പെക്ടറായി ജോലി ലഭിച്ചെന്ന് പറഞ്ഞ് യുവതി പോലീസ് വേഷത്തില്‍ കറങ്ങി നടപ്പ് പതിവാക്കി

സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടറായി ജോലി ലഭിച്ചെന്ന് പറഞ്ഞ് വീട്ടുകാരെ കബളിപ്പിച്ച് പോലീസ് വേഷത്തില്‍ കറങ്ങി നടന്ന യുവതിയെ ഒടുവില്‍ യഥാര്‍ത്ഥ പോലീസ് പിടികൂടി. പുതുപ്പള്ളി സ്വദേശിനിയെയാണ് പോലീസ് പിടികൂടിയത്.

6 മാസം ഗര്‍ഭിണിയായ യുവതി തട്ടിപ്പ് നടത്തിയിട്ടില്ലെന്നു കണ്ടെത്തിയതിനാല്‍ പൊലീസ് ഭര്‍ത്താവിനെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടു. ഇന്നലെ വൈകിട്ടാണു സംഭവം. പൊലീസ് വേഷത്തിനു മുകളില്‍ മേലങ്കി ധരിച്ച് സ്റ്റേഷനു പുറത്തു ഫോണില്‍ സംസാരിക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

ജോലി ലഭിച്ചതായി വീട്ടുകാരെ കബളിപ്പിക്കാനാണ് പൊലീസ് വേഷം കെട്ടിയതെന്ന് 25 വയസ്സുള്ള യുവതി പൊലീസിന് മൊഴി നല്‍കി. കറുത്ത ഷൂവും 3 വലിയ സ്റ്റാറും ഉള്‍പ്പെടെ സിഐ റാങ്കിങ് യൂണിഫോമാണു ധരിച്ചിരുന്നത്. ബിരുദധാരിയായ യുവതി ഫേസ്ബുക് വഴി പരിചയപ്പെട്ട യുവാവിനെയാണ് വിവാഹം കഴിച്ചത്. അന്നുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബത്തിലുണ്ടായ പ്രശ്‌നം ഒഴിവാക്കാന്‍ സിഐ ജോലി ലഭിച്ചുവെന്നു ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

പരിശീലനത്തിനെന്ന പേരില്‍ വീട്ടില്‍നിന്നു പോയ യുവതി ഗാന്ധിനഗര്‍ സ്റ്റേഷനില്‍ 2 ദിവസം എത്തിയിരുന്നു. മേല്‍ക്കുപ്പായം ധരിച്ചു സ്റ്റേഷനു പുറത്തെ കസേരയില്‍ ഇരുന്ന യുവതിയെ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. കൂടുതല്‍ സമയവും മെഡിക്കല്‍കോളജിലാണ് ചെലവിട്ടത്. കേസെടുത്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു.