കോഴിക്കോട് പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ നാല് പ്രതികളേയും റിമാന്‍ഡ് ചെയ്തു

കോഴിക്കോട് ജാനകിക്കാട്ടില്‍ പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളേയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് പോക്സോ കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. വടകര റൂറല്‍ എസ്പി എ ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. കുറ്റ്യാടി കായക്കൊടി സ്വദേശിയായ സായൂജ്, രാഹുല്‍, ഷിബു, അക്ഷയ് എന്നിവരാണ് പ്രതികള്‍.

ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുറ്റ്യാടി സ്വദേശിയായ 17 വയസുകാരിയാണ് പരാതി നല്‍കിയത്. പരാതി ലഭിച്ചയുടന്‍ വടകര റൂറല്‍ എസ് പി നാദാപുരം എഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേര്‍ ചേര്‍ന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്തായിരുന്നു പീഡനം.