ജീവിതത്തിലെ അതിസുന്ദരവും അപൂര്‍വ്വവും അതുല്യവുമായ നിമിഷങ്ങള്‍, മോദിയ്‌ക്കൊപ്പം വേദി പങ്കിട്ടതിനെ കുറിച്ച് കൃഷ്ണകുമാര്‍

പോയ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ താര മത്സരാര്‍ത്ഥികളില്‍ ശ്രദ്ധേയനായിരുന്നു സിനിമ-സീരിയല്‍ നടന്‍ കൃഷ്ണകുമാര്‍. ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് അദ്ദേഹം മത്സരിച്ചത്. പ്രചരണത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി വരെ എത്തിയിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടതിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍.

കൃഷ്ണകുമാറിന്റെ കുറിപ്പ് ഇങ്ങനെ, ജീവിതത്തിലെ അതിസുന്ദരവും അപൂര്‍വ്വവും അതുല്യവുമായ നിമിഷങ്ങള്‍.. ദൈവത്തിനു നന്ദി..വളരെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു ലോകനേതാക്കളില്‍ ഏറ്റവും ഉന്നതനായ വ്യക്തിയും, ഭരതത്തിന്റെ പ്രധാനമന്ത്രിയുമായ ശ്രി നരേന്ദ്രമോദിക്കൊപ്പം ഒരു വേദി പങ്കിടുക, അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നാടിന്റെ നന്മക്കായി പ്രവര്‍ത്തിക്കുക എന്നൊക്കെ. അതൊക്കെ ഇത്ര പെട്ടെന്ന് ഇത്രയും ഭംഗിയായി നടന്നത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. വളരെ സ്‌നേഹത്തോടെയും വാല്‍സല്യത്തോടെയുമുള്ള പ്രധാനമന്ത്രിയുടെ പെരുമാറ്റം എന്നിലെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു..

എനിക്ക് പലതും ചെയ്യാന്‍ കഴിയും എന്ന ഒരു തോന്നല്‍.. ജയിച്ചാലും തോറ്റാലും നാടിനു നന്മകള്‍ ചെയ്യാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാര്‍ കൂടെയുണ്ട്. കടലിന്റെ മക്കളുടെ പ്രശ്‌നപരിഹാരത്തിന്റെ ഒരു ചെറിയ തുടക്കം മാത്രമാണിത്. വലിയതുറ മിനി ഹാര്‍ബറുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിക്ക് നിവേദനം കൊടുത്തു 24 മണിക്കൂറിനകം രണ്ടു കേന്ദ്രമന്ത്രിമാര്‍ വലിയതുറ സന്ദര്‍ശിക്കുകയും പുറകെ കര്‍ണാടക ഫിഷറീസ് മന്ത്രി വന്നു പ്രശ്‌നങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഇതോടൊപ്പം തന്നെ മല്‍സ്യതൊഴിലാളികളുടെ പാര്‍പ്പിടം, കുട്ടികളുടെ വിദ്യാഭ്യാസം, മാലിന്യം,വല, വള്ളം, മണ്ണെണ്ണ ഡീസല്‍ സബ്‌സിഡി…. മുതലായ പ്രശ്‌നങ്ങളും ചര്‍ച്ചക്കെടുത്തു. വരും ദിവസങ്ങളില്‍ നല്ല തീരുമാനങ്ങള്‍ ഉണ്ടാകും. തീരദേശ നിവാസികളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവും, സന്തോഷം ഉണ്ടാവും.. ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവും.. ദൈവാനുഗ്രഹവും…