ജയിലർ 600 കോടി ക്ളബ്ബിൽ, തൊട്ട് പിന്നിൽ 500 കോടിയുമായി കരുവന്നൂർ ബാങ്ക് തട്ടിപ്പ്, പരിഹസിച്ച് കൃഷ്ണകുമാർ

തൃശ്ശൂർ : “ജയിലർ സിനിമ 600 കോടി ക്ളബ്ബിൽ, തൊട്ടുപിന്നിലായി കരുവന്നൂർ ബാങ്കും 500 കോടി ക്ളബ്ബിൽ”. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വിമർശനവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് തുകയും ജയിലർ സിനിമയുടെ കളക്ഷൻ റെക്കാഡും ചേർത്തുവച്ചായിരുന്നു അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചത്. ”

കൃഷ്ണകുമാർ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റ് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. കേസിലെ മുഖ്യപ്രതിയായ സതീഷ് 500 കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ഇ ഡി അറിയിച്ചത്. പിന്നാലെയാണ് നടൻ വിഷയം സമൂഹമാദ്ധ്യമത്തിലൂടെ അവതരിപ്പിച്ചത്.

അതേസമയം സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പായിരുന്നു കരുവന്നൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്നത്. സഹകരണ ബാങ്ക് കൊള്ളയിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശൂർ സഹകരണ ബാങ്കിലേക്ക് പദയാത്ര നടത്തും. സഹകരണ ബാങ്ക് കൊള്ളക്കെതിരെ സഹകാരി സംരക്ഷണ പദയാത്ര എന്ന പേരിലാണ് യാത്ര.

മുൻ എംപി സുരേഷ് ഗോപി നയിക്കുന്ന യാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ നടപടി ഉണ്ടാകണം, കരുവന്നൂരിലടക്കം തട്ടിപ്പിനിരയായ സഹകാരികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം, സഹകരണ ബാങ്കുകളെ സിപിഎം നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി പദയാത്ര സംഘടിപ്പിക്കുന്നത്.