അമ്മയുടെ കരള്‍ പകുത്ത് വാങ്ങാതെ യാത്രയായ കൃതികയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്

കൊല്ലം: എസ് എസ് എല്‍ സി പരീക്ഷ ഫലം വന്നപ്പോള്‍ നാട്ടുകാരെയും വീട്ടുകാരെയും അധ്യാപകരെയും കണ്ണീരില്‍ ആഴ്ത്തിയത് കൃതികയുടെ പരീക്ഷ ഫലം ആയിരുന്നു. അമ്മ കരള്‍ പകുത്ത് നല്‍കാന്‍ ഒരുങ്ങുമ്പോള്‍ അത് ഏറ്റുവാങ്ങാന്‍ കാത്ത് നില്‍ക്കാതെ വിടവാങ്ങിയ കൊറ്റന്‍കുളങ്ങര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും ചവറ കുളങ്ങരഭാഗം ശാന്താലയത്തില്‍ വേലായുധന്‍ പിള്ള-ബിന്ദു ദമ്പതികളുടെ മകളുമായ കൃതിക വി. പിള്ളയ്ക്ക് വിഷയങ്ങള്‍ക്ക് എല്ലാം എപ്ലസ് ആയിരുന്നു.

കൃതിക പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായിരുന്നു. എല്ലാ പരീക്ഷകളും എഴുതി ഫലത്തിനായി കാത്തിരിക്കെയാണ് കൃതികയ്ക്ക് രോഗം സ്ഥിരീകരിച്ചത്. വീട്ടിലെ എല്ലാത്തിലും ആക്ടീവ് ആയി കളിയും ചിരിയുമായി നടന്നിരുന്ന കൃതിക ഒരു ദിവസം കുഴഞ്ഞു വീഴുകയായിരുന്നു. മഞ്ഞപ്പിത്തം മൂച്ഛിതാണെന്ന് അറിഞ്ഞതോടെ കരള്‍ മാറ്റിവെക്കല്‍ മാത്രമായിരുന്നു രക്ഷ. അതിനുള്ള ഒരുക്കവും ആരംഭിച്ചു.

കൃതികയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായി പണം കണ്ടെത്താന്‍ നാട്ടുകാര്‍ ഒന്നിച്ചു. കരള്‍ പകുത്ത് നല്‍കാന്‍ അമ്മ ബിന്ദുവും ഒരുക്കമായി. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വേണ്ടി ബിന്ദുവിനെ ഓപ്പറേഷന്‍ മുറിയിലേക്ക് മാറ്റുന്നതിന് മണിക്കൂറുകള്‍ മുമ്പ് അതേ ആശുപത്രിയില്‍ വെച്ച് കൃതികയെ മരണം തട്ടിയെടുത്തു. കൃതികയുടെ അച്ഛന്‍ 4 വര്‍ഷം മുന്‍പ് കാന്‍സര്‍ മൂലം മരിച്ചു. പഞ്ചായത്ത് ജീവനക്കാരിയായ ബിന്ദുവിന് മറ്റു 2 പെണ്‍മക്കള്‍ കൂടിയുണ്ട്. പരീക്ഷാഫലം വന്നതിന്റെ തലേന്ന്, തിങ്കളാഴ്ചയായിരുന്നു മരണാനന്തര ചടങ്ങുകള്‍.