മകളുടെ ഓർമ്മകൾ എന്റെ ശ്വാസം നിലയ്ക്കുന്നതു വരെ എന്നിൽ നിന്നു പോകില്ല, കെഎസ് ചിത്ര

മലയാളികളുടെ മാത്രമല്ല ലോകം മുഴുവനുമുള്ള ​ഗാന പ്രേമികളുടെ പ്രീയ ​ഗായികയാണ് കെഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും പല തവണ നേടിയിട്ടുണ്ട്. 2005ൽ പത്മശ്രീ പുരസ്‌കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. പ്രീയ ​ഗായിക ചിത്രയ്ക്ക് ഇന്ന് 58-ാം ജന്മദിനമാണ്.

സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടേയും രണ്ടാമത്തെ പുത്രിയായി 1963 ജുലൈ 27ന് കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ.

ഇപ്പോളിതാ ചിത്ര ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖമാണ് വൈറലാവുന്നത്. മകളുടെ മരണത്തിന്റെ ദുഖത്തിൽ നിന്ന്ക കരകയറി എന്ന് ഇപ്പോഴും പറയാൻ പറ്റില്ല. യഥാർഥത്തിൽ ഞാൻ അതിൽ നിന്നു ഒളിച്ചോടുകയാണ്. എപ്പോഴും ആ ചിന്തകൾ മനസ്സിൽ വരാറുണ്ട്. പക്ഷേ അതേക്കുറിച്ചു ചിന്തിക്കാനുള്ള അവസരം കൊടുക്കാതിരിക്കാനാണ് ശ്രമിക്കുക. ജോലിയിലേക്കും മറ്റും എന്റെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ ചിന്തകൾ തനിയെ മാറിപ്പോവുകയാണ് ചെയ്യുന്നത്. അല്ലാതെ ഒരിക്കലും ആ ദുഃഖത്തിൽ നിന്നൊരു മോചനമില്ല. എന്റെ ശ്വാസം നിലയ്ക്കുന്നതു അത് എന്നിൽ നിന്നു പോകില്ല.

പിറന്നാളുകൾ ആഘോഷിക്കുന്ന പതിവ് കുട്ടിക്കാലം മുതൽ തന്നെ ഇല്ലായിരുന്നു. കേക്ക് മുറിക്കുന്ന പതിവുകളൊന്നും വീട്ടിലില്ലായിരുന്നു. ജന്മനാളിൽ അമ്മ അമ്പലത്തിൽ കൊണ്ടുപോവുകയും വഴിപാട് നടത്തുകയും ചെയ്യും. പിന്നെ വീട്ടിൽ പായസം വയ്ക്കും. ഇത്രമാത്രമായിരുന്നു അന്നത്തെ ആഘോഷങ്ങൾ. പിന്നീടാണ് വീട്ടിൽ എല്ലാവരുടെയും പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്. ഞാൻ എന്റെ മകളുടെ പിറന്നാളുകൾ മാത്രമാണ് ആഘോഷിച്ചിട്ടുള്ളത്. എന്റെ പിറന്നാളിന് ഇതുവരെ ഞാനായിട്ട് ഒരു കേക്ക് വാങ്ങിയിട്ടില്ല. ആരെങ്കിലും സ്നേഹപൂർവം കേക്കുകളൊക്കെ കൊണ്ടുവന്നു തരും. അപ്പോൾ അവർക്കു വേണ്ടി, അവരുടെ സന്തോഷത്തിനു വേണ്ടി അത് മുറിക്കും.