മകളുടെ മരണത്തോടെ എല്ലാം കഴിഞ്ഞു എന്നാണ് കരുതിയിരുന്നത്. തിരിച്ചുവരാൻ ഒരുപാടു പേർ സഹായിച്ചു- ചിത്ര

മലയാളികളുടെ പ്രിയ പാട്ടുകാരിയാണ് കെഎസ് ചിത്ര. എന്നാൽ ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമാണ് വിടരും മുമ്പേ കൊഴിഞ്ഞ പോയ മകൾ നന്ദന. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കരുന്നിനെ എട്ടാം വയസിൽ വിധി തട്ടി തെറിപ്പിക്കുകയായിരുന്നു. എന്നും നിറചിരിയോടെ മാത്രം വേദിയിൽ പ്രത്യേക്ഷപ്പെടുന്ന ചിത്രയുടെ മനസിൽ ഇന്നും ഉണങ്ങാത്ത മുറിവായി തുടരുകയാണ് മകൾ നന്ദന.മകൾ നഷ്ടപ്പെട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോഴും ആ വേദനയിൽ നിന്ന് പൂർണമായി പുറത്തുവരാൻ ചിത്രയ്ക്ക് സാധിച്ചിട്ടില്ല. ഇപ്പോളിതാ ചിത്രയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

സത്യം പറഞ്ഞാൽ തിരിച്ചുവരാൻ കഴിയുമെന്ന് ഞാൻപോലും വിചാരിച്ചിട്ടില്ല. എല്ലാം കഴിഞ്ഞു എന്നാണ് ഞാൻ കരുതിയിരുന്നത്. തിരിച്ചുവരാൻ എന്നെ സഹായിച്ച ഒരുപാട് പേരുണ്ട്. എനിക്ക് ഒട്ടും പരിചയമില്ലാത്ത ആളുകൾ പോലും എനിക്ക് വേണ്ടി വഴിപാടുകൾ ചെയ്ത് വീട്ടിലേക്ക് പ്രസാദം അയക്കുമായിരുന്നു. എന്റെ തെറാപ്പിസ്റ്റ് രേഖ ചന്ദ്രൻ, രവീന്ദ്രൻ മാഷിന്റെ ശോഭ ചേച്ചി അങ്ങനെ ഒരുപാട് പേർ എന്നെ സഹായിച്ചിട്ടുണ്ട്.

എന്റെ മകളുടെ മരണത്തോടുകൂടി ഞാൻ ഒരു കാര്യം മനസിലാക്കി, നമുക്ക് വരാനുള്ളത് എന്തായാലും വരും, എന്നാൽ ഇത്തരം സന്ദർഭങ്ങൾ മറികടക്കാനുള്ള ധൈര്യമാണ് നമുക്ക് ദൈവത്തിൽ നിന്ന് കിട്ടുന്നത്. അതൊരു തിരിച്ചറിവായിരുന്നു. പിന്നീട് ഞാനിങ്ങനെ ഒറ്റപ്പെട്ടിരിക്കുമ്പോൾ എന്റെ ചുറ്റുമുള്ളവരുടെ ജീവിതം കൂടിയാണ് ഞാൻ കാരണം വിഷമത്തിലാകുന്നതെന്ന് മനസിലാക്കി

വിജയേട്ടൻ ജോലിപോലും ഉപേക്ഷിച്ചാണ് എന്റെ കൂടെ നിന്നത്. ഞാൻ ഇങ്ങനെ ഇരുന്നാൽ അദ്ദേഹത്തിന്റെ ജീവിതം എന്താവും. എനിക്കൊരു സ്റ്റുഡിയോ ഉണ്ട്. അവിടെ ജോലിചെയ്യുന്ന കുറേ പേരുണ്ട്. ഇതൊക്കെ എനിക്ക് തിരിച്ചുവരാനുള്ള കാരണങ്ങളായിരുന്നു