കാസർകോട് കെഎസ്ആർടിസി ബസ് കാറിലിടിച്ച് അപകടം

കാസർകോട്: കെഎസ്ആർടിസി ബസ് കാറിലിടിച്ച് അപകടം. രണ്ട് പേർക്ക് ​ഗുരുതര പരിക്ക്. കാസർകോട് മാവുങ്കാലിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന വടകര സ്വദേശിക്കും കെഎസ്ആർടിസി ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, മലപ്പുറത്ത് സർക്കാർ ആശുപത്രിയിൽ ഒന്നര വയസുകാരന് മരുന്ന് മാറി നൽകിയതായി പരാതി. വണ്ടൂർ താലൂക്കാശുപത്രിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം ഉണ്ടായത്. കുഞ്ഞിന് ശ്വാസതടസവും ചുമയും നേരിട്ടിരുന്നു. ഇത് പരിശോധിക്കാനാണ് കുഞ്ഞിനെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡ്യൂട്ടിക്കുണ്ടായിരുന്ന നഴ്‌സ് കുട്ടിക്ക് മരുന്ന് മാറി നൽകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ചുമയ്‌ക്കുള്ള മരുന്നിന് പകരം മറ്റൊരു മരുന്നാണ് കുഞ്ഞിന് നഴ്‌സ് കൊടുത്തതെന്നാണ് മാതാപിതാക്കൾ പറയുന്നത്. മരുന്ന് ശരീരത്തിൽ പ്രവേശിച്ചതോടെ കുഞ്ഞ് അവശ നിലയിലാവുകയായിരുന്നു.

തൊട്ടുപിന്നാലെ കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പരാതി ലഭിച്ചാലുടൻ വിശദമായ അന്വേഷണത്തിനു ശേഷം നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.