കുളക്കടയില്‍ ദമ്പതികളുടെ അപകടം സഹോദരിയുടെ കുഞ്ഞിനെ കണ്ട് മടങ്ങും വഴി; അപകടത്തിന്റെ ലൈവ് അച്ഛന്‍ കണ്ടത് മകനും കുടുംബവും സഞ്ചരിച്ച വാഹനമാണെന്ന് അറിയാതെ

കൊട്ടാരക്കര: എം.സി റോഡില്‍ കുളക്കടയില്‍ കാറുകള്‍ കൂട്ടിമുട്ടി മരിച്ച ദമ്ബതികളുടെ വേര്‍പാട് താങ്ങാനാകാതെ നാടും വീടും. തിരുനെല്‍വേലിയിലെ സ്വകാര്യ കമ്ബനിയില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറായ പള്ളിക്കല്‍ ബിനീഷ് ഭവനില്‍ ബിനീഷ് കൃഷ്ണന്‍ (34), ഭാര്യ എ.ജി.അഞ്ജു (30) എന്നിവരാണ് മരിച്ചത്. ഇവരുടെ മകള്‍ ശ്രേയ (3) യെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ എം.സി റോഡില്‍ കുളക്കട ഭാനുവിലാസം എന്‍.എസ്.എസ്. കരയോഗമന്ദിരത്തിനു മുന്നിലായിരുന്നു സംഭവം.

എറണാകുളത്ത് സഹോദരിയുടെ കുഞ്ഞിനെക്കാണാന്‍ പോയതിനുശേഷം പള്ളിക്കലിലെ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ എതിര്‍ദിശയില്‍വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് സംഭവസ്ഥലത്തുനിന്നു ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. തെറിച്ചുപോയ കാര്‍ സമീപത്തെ കരയോഗമന്ദിരത്തിന്റെ മതിലും ഇടിച്ചുതകര്‍ത്തു. ഇതിനുള്ളില്‍ കുടുങ്ങിപ്പോയവരെ വളരെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. അഞ്ജുവിനെയും ശ്രേയയെയും ആദ്യം പുറത്തെടുത്ത് അതുവഴിവന്ന പിക്കപ്പ് വാനില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അഞ്ജുവിനെ രക്ഷിക്കാനായില്ല. പിന്നീട് അരമണിക്കൂറിലേറെ സമയം അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് ഡ്രൈവിങ് സീറ്റില്‍നിന്നു ബിനീഷിനെ പുറത്തെടുത്തത്.

അഗ്നിരക്ഷാസേനയുടെ ആംബുലന്‍സില്‍ അടൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം താമസിയാതെ ബിനീഷും മരണത്തിനു കീഴടങ്ങി. മൂന്നുപേരും കാറിന്റെ മുന്‍സീറ്റിലായിരുന്നെന്നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പറഞ്ഞത്. അടൂര്‍ ചൂരക്കോട് ഷിബുഭവനില്‍ അരവിന്ദ് സന്തോഷ് (24) ആണ് ഇടിച്ചുകയറിയ കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പുത്തൂര്‍മുക്കില്‍ സുഹൃത്തിനെ കൊണ്ടുവിട്ടശേഷം മടങ്ങിവരികയായിരുന്നെന്നാണ് ഇയാള്‍ പോലീസിനുനല്‍കിയ മൊഴി. പ്രവാസിയായിരുന്ന ബിനീഷ് നാലുമാസംമുമ്ബാണ് നാട്ടിലെത്തിയത്. അച്ഛന്‍: കൃഷ്ണന്‍കുട്ടി. അമ്മ: ഉഷ. സഹോദരി: പാര്‍വതി.

എറണാകുളത്തുള്ള സഹോദരി പാര്‍വതിയുടെ രണ്ടാമത്തെ കുഞ്ഞിനെ കാണാന്‍ ഞായറാഴ്ചയാണ് ബിനീഷും കുടുംബവും പോയത്. പുനലൂരിലെ അഞ്ജുവിന്റെ വീട്ടിലായിരുന്ന ശ്രീക്കുട്ടിയെ അവിടെയെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പാര്‍വതിയുടെ പ്രസവസംബന്ധ ശുശ്രൂഷകള്‍ക്കായി ബിനീഷിന്റെ അമ്മ ഉഷ എറണാകുളത്തായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറേകാലോടെയാണ് ഇവര്‍ നാട്ടിലേക്കുതിരിച്ചത്. എറണാകുളത്തുനിന്നു കിട്ടിയ ചെന്തെങ്ങിന്റെ തൈ ഉള്‍പ്പെടെ കാറില്‍ കരുതിയുള്ള യാത്ര കുളക്കടവരെയേ എത്തിയുള്ളൂ. രാത്രി പതിനൊന്നരയ്ക്ക് അച്ഛന്‍ കൃഷ്ണന്‍കുട്ടി ഫോണ്‍ ചെയ്യുമ്ബോള്‍ ബിനീഷ് അടൂര്‍ കഴിഞ്ഞിരുന്നു.

പന്ത്രണ്ടോടെ ഓണ്‍ലൈന്‍ ചാനലില്‍ കുളക്കടയില്‍ നടന്ന അപകടത്തിന്റെ ലൈവ് സംപ്രേഷണം കാണുമ്ബോള്‍ കൃഷ്ണന്‍കുട്ടി അറിഞ്ഞിരുന്നില്ല മകനും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന്. ഒന്നോടെ പോലീസിന്റെ ഫോണ്‍ വിളിയെത്തുമ്ബോഴാണ് ബിനീഷും അഞ്ജുവുമാണ് അപകടത്തില്‍പ്പെട്ടതെന്ന് അറിയുന്നത്. ബിനീഷ് ഓട്ടോമൊബൈല്‍ എന്‍ജിനീയറായി തിരുനെല്‍വേലിയില്‍ ജോലിക്കുകയറിയിട്ട് ഒരാഴ്ച കഴിയുന്നതേയുള്ളൂ. ചൊവ്വാഴ്ച പുലര്‍ച്ചെ ജോലിസ്ഥലത്തേക്ക് പോകേണ്ടതുമായിരുന്നു. ബിനീഷിനും ഭാര്യ അഞ്ജുവിനും അന്ത്യാഞ്ജലിയേകാന്‍ നാടൊന്നാകെ എത്തി. ചൊവ്വാഴ്ച രാവിലെമുതല്‍ പെയ്യാന്‍ വെമ്ബിനില്‍ക്കുന്ന കാര്‍മേഘംപോലെ വിങ്ങിയ ഗ്രാമം ഇരുവരുടെയും മൃതദേഹങ്ങള്‍ എത്തിയതോടെ കണ്ണീര്‍മഴയായി. വീടിന്റെ ചെറുമുറ്റത്ത് പന്തലിന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല ജനക്കൂട്ടം. ബന്ധുക്കളുടെയും അയല്‍വാസികളുടെയും നിലവിളികളില്‍ ഗ്രാമത്തിന്റെ ഹൃദയം നുറുങ്ങി. വൈകീട്ട് നാലോടെയാണ് മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചത്.

അടൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍നിന്നു ബിനീഷിന്റെ മൃതദേഹവും കൊട്ടാരക്കര താലൂക്കാശുപത്രിയില്‍നിന്നു അഞ്ജുവിന്റെ മൃതദേഹവും ഒരുമിച്ചാണ് വീട്ടിലെത്തിച്ചത്. ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളും സ്വരുക്കൂട്ടിയ വീടിനുമുന്നില്‍ യൗവനം മങ്ങുംമുമ്ബേ ചേതനയറ്റവര്‍ കിടന്നു. കണ്ണീര്‍പ്രണാമങ്ങളേകി നാട് അവര്‍ക്കു ചുറ്റുമൊഴുകി. ഒന്നിച്ചുജീവിച്ച്‌ ഒന്നിച്ചുയാത്രയായ ഇരുവരും ഒരേ ചിതയില്‍ എരിഞ്ഞൊടുങ്ങുമ്ബോള്‍ തോരാത്ത കണ്ണീരുമായി ഗ്രാമം അന്ത്യാഞ്ജലിയേകി.