കുശിനഗര്‍ വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; ലക്ഷ്യമിടുന്നത് 200 ലധികം വിമാനത്താവളങ്ങളുടെ ശൃംഖല

കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. പതിറ്റാണ്ടുകളായുള്ള പ്രതീക്ഷയുടേയും കാത്തിരിപ്പിന്റേയും ഫലമാണ് കുശി നഗര്‍ അന്താരാഷ്ട്ര വിമാനത്താവളമെന്നും തീര്‍ത്ഥാടനവും ടൂറിസവും വളരുന്നതിന് പുതിയ വിമാനത്താവളം ഉപകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിലൂടെ സാമ്പത്തിക രംഗത്ത് പുത്തന്‍ ഉണര്‍വ് ലഭിക്കും. തൊഴിലവസരങ്ങള്‍ കൂടുമെന്നും രാജ്യത്തിന്റെ മുഖഛായതന്നെ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മഹാപരിനിര്‍വാണ സ്തൂപത്തിലെയും ക്ഷേത്രത്തിലെയും പരിപാടികളില്‍ പ്രധാനമന്ത്രി സന്നിഹിതനായി. ഉദ്ഘാടനത്തിന്റെ ഭാഗമായി പുരാതന ബുദ്ധ സ്തൂപവുമായി ശ്രീലങ്കയില്‍ നിന്നും മന്ത്രി നമല്‍ രാജപക്സെയും സംഘവും കുശിനഗറില്‍ എത്തിയിരുന്നു. 125 അംഗപ്രതിനിധികളുമായി ആദ്യ അന്താരാഷ്ട്ര വിമാനം കുശിനഗര്‍ വിമാനത്താവളത്തിലെത്തിയതോടെ 26 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്.

രാജ്യത്ത് അടുത്ത മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 200ല്‍ അധികം വിമാനത്താവളങ്ങള്‍ തുടങ്ങാനാണ് പദ്ധതിയിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കുശി നഗര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി-കുശി നഗര്‍ ഫ്ലൈറ്റുകള്‍ ഉടന്‍ ആരംഭിക്കും. ഇക്കാര്യത്തില്‍ സ്പെയ്സ് ജെറ്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് പ്രാദേശിക യാത്രക്കാരേയും ഭക്തരേയും ഒരുപാട് സഹായിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

260 കോടി ചെലവിലാണ് വിമാനത്താവള നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 1995ല്‍ മായാവതി സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച് പാതിവഴിയിലായ വിമാനത്താവളം യോഗി സര്‍ക്കാരാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ജാപ്പനീസ് സാങ്കേതിക വിദ്യയാണ് വിമാനത്താവള നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ലക്നൗവിനും വാരണാസിയ്ക്കും ശേഷം ഉത്തര്‍പ്രദേശിന് ലഭിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണിത്.