പ്രജിത്തും റിഷയും വിവാഹിതരയാത് ഏറെ നാളത്തെ പ്രണയത്തിനുശേഷം എട്ട് വർഷം മുമ്പ്, കണ്ണീർക്കടലായി ​ഗ്രാമം

കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം വ്യാഴാ്ച രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം എട്ടുവർഷം മുൻപേ വിവാഹിതരായ പ്രജിത്തും റീഷയും രണ്ടാമത്തെ കൺമണിക്കായി ആറ്റു നോറ്റിരിക്കുമ്പോഴാണ് ഇടിത്തീവീഴും പോലെ ദുരന്തം തേടിയെത്തിയത്. മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കുറ്റിയാട്ടൂരിൽ അയൽവാസികളായിരുന്നു ഇരുവരും. കുട്ടിക്കാലത്തെയുള്ള അടുപ്പമാണ് പ്രണയത്തിലും വീട്ടുകാരുടെ സമ്മതത്തോടെയുള്ള വിവാഹത്തിലും കലാശിച്ചത്. നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്നതിനായി ജെ.സി..ബി ഉൾപ്പെടെയുള്ള വാഹനങ്ങൾ വാടകയ്ക്കു നൽകുന്നതായിരുന്നു പ്രജിത്തിന്റെ തൊഴിൽ. സഹോദരൻ പ്രമോദിനൊപ്പമായിരുന്നു ഈ ബിസിനസ് നല്ലരീതിയിൽ നടത്തിയിരുന്നു.

ജില്ലാ ആശുപത്രിയിലെത്താൻ മൂന്ന് മിനുട്ടു മാത്രം ബാക്കിയുള്ളപ്പോഴാണ് ദമ്പതികളെ തീഗോളം വിഴുങ്ങിയത്. പ്രിജിത്ത് ആയിരുന്നു കാർ ഓടിച്ചത്. നീഷയും കാറിന്റെ മുൻസീറ്റിലായിരുന്നു. പുറകിലുണ്ടായിരുന്ന പെൺകുട്ടിയടക്കമുള്ള നാലുപേരെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. മുൻവാതിലുകൾ തുറക്കാൻ കഴിയാത്തതിനാൽ രണ്ട് പേരേയും പുറത്തിറക്കാനായില്ല. ഏഴുവയസുള്ള മകളുടെയും മാതാപിതാക്കളുടെയും മുൻപിൽ വച്ചാണ് കാറിന്റെ ചില്ലിൽ തുറക്കാനായി കരഞ്ഞു ആർത്തുവിളിച്ചും മരണവെപ്രാളത്തോടെ ആഞ്ഞിടിച്ചു റീഷയും ഭർത്താവും കത്തിയെരിഞ്ഞത്.

വ്യാഴാഴ്‌ച്ച രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കാൻ കുറ്റിയാട്ടൂരിൽ നിന്നും പുറപ്പെട്ടതായിരുന്നു ദമ്പതികളും ബന്ധുക്കളും. പത്തേമുക്കാലിനാണ് തീപിടിത്തമുണ്ടായത്. നഗരത്തിലെ പ്ളാസ റോഡിൽ നല്ല ഗതാഗതകുരുക്കുണ്ടായതു കാരണമാണ് ഇവരുടെ വാഹനം വൈകിയത്.