കുവൈറ്റിൽ മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു; പരിക്കേറ്റവരിൽ മുപ്പതോളം മലയാളികൾ

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.

കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ്‌ (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു-48),തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

അപകടത്തില്‍ 146 പേര്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 195 പേരായിരുന്നു കെട്ടിടത്തില്‍ താമസക്കാരായി ഉണ്ടായിരുന്നത്. 146 പേരില്‍ 49 പേര്‍ നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിസാര പരിക്കേറ്റ 11 പേരെ ചികിത്സ നല്‍കി ഡിസ്ചാര്‍ജ് ചെയ്തു. സംഭവ സമയത്ത് 19 പേര്‍ വിവിധ കമ്പനികളില്‍ ജോലിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.