പ്രവാസികള്‍ക്ക് തിരിച്ചടി, നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി; കരട് രൂപം തയ്യാറാക്കി

കുവൈത്ത്; കുവൈറ്റില്‍ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന കരടുനിര്‍ദേശം സാമ്പത്തികകാര്യ സമിതി പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിട്ടു. പാര്‍ലമെന്റിലെ നിയമകാര്യ സമിതിയും സര്‍ക്കാറും എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ് കരടുനിര്‍ദേശം വോട്ടിന് വിട്ടത്.

സര്‍ക്കാരിന് മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തി നികുതി നിര്‍ദേശം നടപ്പാക്കാനാണ് സാമ്പത്തികകാര്യ സമിതിയുടെ നീക്കം. വിദേശികള്‍ക്ക് റെമിറ്റന്‍സ് ടാക്സ് ഏര്‍പ്പെടുത്തുന്നത് ഭരണഘടനക്ക് എതിരല്ലെന്നും, സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ നികുതി വിഷയത്തില്‍ തുല്യനീതി പാലിക്കണമെന്ന് ഭരണഘടന പറയുന്നില്ലെന്നും സാമ്പത്തിക സമിതി വ്യക്തമാക്കിയിരുന്നു.

വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ജനുവരിയില്‍ ഭരണഘടനക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിന്റെ നിയമകാര്യ സമിതി തള്ളിയിരുന്നു. വിദേശികള്‍ക്ക് മാത്രം നികുതി ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധവും സ്വദേശി വിദേശി വിവേചനം ഉണ്ടാക്കുന്നതും ആണെന്നാണ് നിയമകാര്യ സമിതിയുടെ വാദം. റെമിറ്റന്‍സ് ടാക്സ് നടപ്പാക്കിയാല്‍ സമ്പദ്ഘടനയില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കും എന്ന് വിലയിരുത്തി നേരത്തെ മന്ത്രിസഭയും നിര്‍ദേശം നിരാകരിച്ചിരുന്നു. നികുതി ഏര്‍പ്പെടുത്തുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികള്‍ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നുമാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍