മാങ്ങ പറിച്ചതിൽ വൈരാഗ്യം; സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികൾ അറസ്റ്റിൽ

കായംകുളം: പടക്കം പൊട്ടിച്ചതിലും മാങ്ങ പറിച്ചതിലുംഉള്ള വിരോധത്തിൽ മൂന്നു സ്ത്രീകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മൂന്നാംപ്രതി ഓച്ചിറ മേമന കല്ലൂര്‍ മുക്കിന് കിഴക്കുവശം പുതുവല്‍ ഹൗസില്‍ താമസിക്കുന്ന കൃഷ്ണപുരം പുതുവല്‍ ഹൗസില്‍ സജിത്ത് (32), നാലാംപ്രതി കൃഷ്ണപുരം പുതുവല്‍ ഭാഗം ഉത്തമാലയം വീട്ടില്‍ ഉല്ലാസ് ഉത്തമന്‍ (33) എന്നിവരാണു അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രി 8.30-നായിരുന്നു സംഭവം നടന്നത്. കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിനു സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരെയും അയല്‍വാസി നീതുവിനെയും ഇവര്‍ വാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.കഴിഞ്ഞ ഓണക്കാലത്ത് വീടിനുസമീപം പടക്കംപൊട്ടിച്ചത് ചോദ്യംചെയ്തതിലും ഒന്നാംപ്രതിയായ ബിജുവിന്റെ വീട്ടിലെ മാവില്‍നിന്നു മാങ്ങ പറിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയത്.

കേസിലെ ഒന്നാംപ്രതിയായ ബിജു മറ്റു മൂന്നുപേരെയും കൂട്ടി മിനിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി മിനിയെയും സഹോദരി സ്മിതയെയും തടയാന്‍ എത്തിയ നീതുവിനെയും ആക്രമിക്കുകയായിരുന്നു. ഡിവൈ.എസ്.പി. അലക്സ് ബേബി, ഉദയകുമാര്‍, ശ്രീകുമാര്‍ രാജേന്ദ്രന്‍, ദീപക്, അരുണ്‍, ശ്രീനാഥ്, ഫിറോസ്, സനോജ്, ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.