രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച്‌ വീണ്ടും അരുംകൊല ; യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിൽ

ന്യൂഡല്‍ഹി : ഡൽഹിയെ ഞെട്ടിച്ച് വീണ്ടും യുവതിയുടെ അരുംകൊല. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സരായ് കാലെ ഖാനിലാണ് സംഭവം. യുവതിയുടെ തലയോട്ടിയുള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍ കവറില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. മെട്രോ സ്റ്റേഷന്‍ നിര്‍മാണം നടക്കുന്നതിനു സമീപമാണ് ശരീരഭാഗങ്ങള്‍ അടങ്ങിയ കവർ കണ്ടെത്തിയത്.

മരിച്ച യുവതിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. നിർമാണത്തൊഴിലാളികൾ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്തു. കണ്ടെടുത്ത ശരീരഭാഗങ്ങള്‍ പോലീസ് എയിംസ്‌ ട്രോമ സെന്ററിലേക്ക്‌ പരിശോധനയ്ക്കയച്ചു. സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ ഉൾപ്പടെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.
അഫ്താബ് പൂനാവാലയെന്ന യുവാവ് കാമുകി ശ്രദ്ധ വാല്‍ക്കറിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണു ഡൽഹിയിൽ നിന്ന് വീണ്ടുമൊരു അരുംകൊലയുടെ വാർത്ത പുറത്തുവന്നിരിക്കുന്നത്. ശ്രദ്ധ വാല്‍ക്കറിന്റേതിന് സമാനമായ രീതിയിലാണ് ഈ കൊലപാതകത്തിലും യുവതിയുടെ ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിരുന്നത്.