ലഹരി മാഫിയ തലവൻ പാറായി ബാബു സജീവ DYFI ക്കാരൻ, ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തു

കണ്ണൂര്‍. തലശ്ശേരി ഇരട്ടക്കൊലക്കേസ് പ്രതിയും, ലഹരി മാഫിയ തലവനുമായ പിടിയിലായ പാറായി ബാബു ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തിരുന്നതായ വിവരം പുറത്ത്. ലഹരി മാഫിയ തലവനെന്ന് പോലീസ് പറയുന്ന പാറായി ബാബു സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു എന്നും, ഡിവൈഎഫ്ഐയുടെ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

തലശ്ശേരിയിൽ ലഹരി വിൽപ്പന ചോദ്യം ചെയ്തതിന് സിപിഎം പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‍യുടെ ലഹരിവിരുദ്ധ പരിപാടിയിലാണ് പങ്കെടുത്തത്. കൊളശ്ശേരിയിലെ മനുഷ്യചങ്ങലയില്‍ പാറായി ബാബു പങ്കെടുത്ത ചിത്രം പുറത്ത് വന്നു. കേസിലെ മുഖ്യപ്രതിയായ പാറായി ബാബുവിനെ വ്യാഴാഴ്ചയാണ് പിടികൂടിയത്.

കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാർ തടഞ്ഞാണ് പൊലീസ് പാറായി ബാബുവിനെ കീഴ്‍പ്പെടുത്തുന്നത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരും പിടിയിലായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപം സിപിഎം അംഗവും നിട്ടൂർ സ്വദേശിയുമായ ഷമീർ ബന്ധു ഖാലിദ് എന്നിവർ കുത്തേറ്റ് മരിച്ചത്. പ്രദേശത്ത് കുറച്ച് കാലങ്ങളായുള്ള ലഹരി വിൽപ്പന ഷമീറിന്‍റെ മകൻ ഷബീൽ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം എന്നാണ് പൊലീസ് പറയുന്നതെങ്കിലും പാറായി ബാബുവുമായി കൊല്ലപ്പെട്ടവർ വര്ഷങ്ങളായി അടുത്ത സൗഹൃദത്തിലായിരുന്നു എന്ന വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

ലഹരി മാഫിയയുടെ മർദ്ദനമേറ്റ ഷബീൽ ചികിത്സയിലാണ്. ലഹരി ഇടപാടുകളുമായി ബന്ധപെട്ടു ഇവർക്കിടയിലുണ്ടായ തർക്കം സംസാരിച്ച് ഒത്തു തീർക്കാനെന്ന പേരിലാണ് പ്രതികൾ ഷമീറിനെ വിളിച്ച് വരുത്തിയത്. പിന്നീടുണ്ടായ സംഘർഷം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാരും DYFI ഉൾപ്പടെയുള്ള സംഘടനകളും തുടർച്ചയായ ബഹുജന ക്യാമ്പയിൻ നടത്തുന്നതിനിടെയാണ് ലഹരിക്കാരുടെ അരുംകൊല അരങ്ങേറിയിരിക്കുന്നത്. ഇത് നാടിനെ നടുക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിറകെയാണ് ലഹരി മാഫിയ തലവൻ സജീവ DYFI ക്കാരനാണെന്നും ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തിരുന്നതായ വിവരം പുറത്ത് വന്നിരിക്കുന്നത്.