ഇംഫാലില്‍ സൈനിക ക്യാമ്പിന് മേലേക്ക് മണ്ണിടിച്ചില്‍:14 മരണം, 60 ഓളം പേരെ കാണാനില്ല.

 

ഇംഫാല്‍/ മണിപ്പൂരിലെ ഇംഫാലില്‍ സൈനിക ക്യാമ്പിന് മേലേക്ക് മണ്ണിടിഞ്ഞു ഉണ്ടായ ദുരന്തത്തിൽ 14 പേർ മരണപെട്ടു. മണ്ണിനടിയിൽ 60 ഓളം പേര്‍ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാത്രിയാണ് നോനി ജില്ലയിലെ ടുപുല്‍ റെയില്‍വേ സ്റ്റേഷന് സമീപം സൈനിക ക്യാമ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. റെയില്‍വേ ഉദ്യോഗസ്ഥരും തൊഴിലാളികളും ഗ്രാമീണരും അടക്കം 60 ഓളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നുവെന്നാണ് ഡിജിപി പി ദൗഗല്‍ പറഞ്ഞിരിക്കുന്നത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 23 പേരെ പുറത്തെടുത്തപ്പോൾ ആണ് 14 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. തിരച്ചില്‍ തുടരുകയാണ്. സൈനികരും, റെയില്‍വേ ഉദ്യോഗസ്ഥരും തൊഴിലാളികളും ഗ്രാമീണരും അടക്കം 60 ഓളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നത്.

നോനി ജില്ലയിലെ ജിരി ബാം റെയില്‍വേ ലൈന് സമീപത്തായിട്ടാണ് മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. റെയില്‍ പാത നിര്‍മാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തില്‍പെട്ടതിൽ അധികവും. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മോദി ഉറപ്പുനല്‍കിയിട്ടുണ്ട്.