പെരിന്തല്‍മണ്ണയില്‍ 375 തപാല്‍ വോട്ടുകളെണ്ണിയില്ലെന്ന്; നജീബ് കാന്തപുരത്തിന്റെ ഫലത്തെ ചോദ്യം ചെയ്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനെതിരേ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിയമനടപടിക്ക്. മുസ്ലിം ലീഗിലെ നജീബ് കാന്തപുരം 35 വോട്ടുകള്‍ക്കാണിവിടെ വിജയിച്ചത്. എന്നാല്‍ ഇടതു സ്ഥാനാര്‍ഥിയായ കെ.പി മുസ്തഫ ചില തപാല്‍ വോട്ടുകള്‍ എണ്ണിയില്ലെന്ന പരാതിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

പ്രായമായവരുടെ 375 തപാല്‍ വോട്ടുകള്‍ എണ്ണിയില്ലെന്നതാണ് പരാതി. കവറിനു പുറത്ത് സീലില്ലാത്തതുകൊണ്ടാണ് വോട്ടുകള്‍ എണ്ണാതിരുന്നതെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.
തപാല്‍ വോട്ടുകളുടെ കവറിനു പുറത്ത് സീലടിക്കേണ്ട ഉത്തരവാദിത്വം തനിക്കല്ലെന്നും ഉദ്യോഗസ്ഥന്‍മാര്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി മനപ്പൂര്‍വം സീല്‍ ചെയ്യാതിരുന്നതാണോ എന്നതാണ് സംശയമെന്നും അദ്ദേഹം ആരോപിക്കുന്നു. 375 വോട്ടുകള്‍ എണ്ണിയാല്‍ ജനവിധി മറിച്ചാകുമെന്നുറപ്പാണെന്നും ഉടനെ നിയമനടപടി സ്വീകരിക്കുമെന്നും കെ.പിമുസ്തഫ അറിയിച്ചു.