‘സോഷ്യൽ മീഡിയയിൽ എന്താണെന്ന് ഞങ്ങളും കൂടോന്നറിയട്ടെ’? ഫോൺ ഞൊണ്ടുന്ന കുരങ്ങന്മാരുടെ വീഡിയോ വൈറൽ

 

സോഷ്യല്‍ മീഡിയ കുറച്ച് വര്‍ഷങ്ങളായി പലരുടെയും ദൈനംദിനം ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുകയാണ്. രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങും വരെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ് മിക്കവരും എന്നതാണ് സത്യം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ, വിവിധ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണ്. മൃഗങ്ങളും ഇക്കാര്യത്തിൽ ഒട്ടും മോശക്കാര ല്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ.

മൂന്ന് കുരങ്ങന്മാര്‍ ചേര്‍ന്ന് ഫോണ്‍ നോക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു യുവാവ് ഫോണില്‍ എന്തോ കുരങ്ങന്മാര്‍ക്ക് കാണിച്ച് കൊടുക്കുന്നു. വളരെ ശ്രദ്ധയോടെ വീഡിയോ കാണുന്ന കുരങ്ങന്മാരാണ് വീഡിയോയിലെ താരങ്ങള്‍. ഫോണ്‍ പിടിച്ച് അത് സ്‌ക്രോള്‍ ചെയ്ത് കാണുന്ന കുരങ്ങന്മാര്‍ എന്തായാലും സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന് കഴിഞ്ഞിരിക്കുകയാണ്.

അതിനിടെ ശ്രദ്ധയാകര്‍ഷിക്കാനും ഗാഡ്ജെറ്റില്‍ നിന്ന് വഴിതിരിക്കാനും പ്രായമായ കുരങ്ങിനെ ഒരു കുരങ്ങൻ കുട്ടി വലിക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. നാട് ഓടുമ്പോള്‍ നടുവേ ഓടണമെന്ന് പറയും പോലെ ‘ഞങ്ങളും കൂടെ കാണട്ടെ ഫോണിലെന്താണെന്ന്’ എന്ന നിലപാടാണ് കുരങ്ങന്മാർക്ക്.

കഴിഞ്ഞ വർഷമാദ്യം വൈറലായ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്. മൃഗങ്ങളുടെ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ് എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. അവരുടെ സൗഹൃദങ്ങള്‍ വഴക്കുകള്‍ കുസൃതിത്തരങ്ങൾ തുടങ്ങിയവയാണ് മിക്ക വിഡിയോകളിലെയും ഉള്ളടക്കം. നിസാരകാര്യങ്ങള്‍ക്ക് പോലും പരസ്പരം വഴക്കിടുന്ന മനുഷ്യന്മാര്‍ പോലും മൃഗങ്ങളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മുന്നില്‍ മനസാലെങ്കിലും തലകുനിക്കുന്നുമുണ്ട്.