ആര്‍സിസിയില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ സനാഥാലയം, നന്ദൂട്ടന്റെ ഓര്‍മ്മയ്ക്ക് വായനശാലയും

മലയാളികളുടെ പ്രിയപ്പെട്ടവനായിരുന്നു നന്ദു മഹാദേവ. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണം എന്ന് കാന്‍സറിന്റെ തീരാ നോവിലും നന്ദു പറയുമായിരുന്നു. നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു നന്ദു. ഇപ്പോള്‍ നന്ദുവിന്റെ പേരില്‍ കാന്‍സര്‍ പോരാളികള്‍ക്കായി ഒരു അഭയ കേന്ദ്രം ഒരുങ്ങിയിരിക്കുകയാണ്. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി താമസവും ഭക്ഷണവും നല്‍കുന്ന സേവനകേന്ദ്രം. അവിടെ പ്രിയപ്പെട്ട സഹോദരന്‍ നന്ദു മഹാദേവക്ക് വേണ്ടി ആകാശം എന്ന് പേരില്‍ ഒരു വായനശാല.

ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഒരു കുറിപ്പും പ്രത്യക്ഷപ്പെട്ടിരുന്നു. കുറിപ്പില്‍ പറയുന്നതിങ്ങനെ കാന്‍സര്‍ ചികിത്സയുമായി തിരുവനന്തപുരം ആര്‍.സി. സി യില്‍ എത്തുന്ന സാധാരണക്കാര്‍ക്ക് ഒരു ആലയം ആയിരിക്കും ഈ സനാഥാലയം. അനാഥാലയം എന്ന സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തിപ്പെടേണ്ടുന്ന ആ പഴയ സംസ്‌കാരത്തില്‍ നിന്നും സനാഥാലയം എന്ന പുതിയ സംസ്‌കാരത്തിലേക്ക് ഇതൊരു തുടക്കമാകട്ടെ. ഒരു ഘട്ടം കഴിഞ്ഞാല്‍ പലരും കയ്യൊഴിയാവുന്ന കാന്‍സര്‍ പോരാളികള്‍ക്ക് ഇനി ഇവിടെ കുറെപേര്‍ കൂട്ടിനുണ്ടാകും.. മനസുകള്‍ക്ക് കടലോളം വലിപ്പമുള്ളവര്‍.

ജീവിച്ചിരിപ്പില്ലങ്കിലും ഒരുപാട് പേരുടെ മനസുകളില്‍ ഇന്നും ജീവിക്കുന്ന നന്ദുവെന്ന എരിയാതെ ജ്വലിച്ചവനൊരു ‘ആകാശവും’ സനാഥാലയത്തില്‍ ഒരുക്കി വെച്ചിരിക്കുന്നു, ഒപ്പം ഏറെ മഹത്തരമാക്കപ്പെട്ട ചില ജീവിതങ്ങള്‍ക്ക് അവരുടെ ഇഷ്ടനുസരണം പറക്കാന്‍ ‘ശലഭം ‘പോലൊരു പൂന്തോട്ടവും… അങ്ങനെ അങ്ങനെ ഓരോന്നും അതിശയിപ്പിക്കുന്നവ. ഒരു കൂട്ടം സാമൂഹിക പ്രവര്‍ത്തകരുടെ ഒത്തൊരുമയാണ് ഇത്തരത്തില്‍ ഒരു അഭയകേന്ദ്രം തുടങ്ങിയത്.

സനാഥാലയം നാടിന് സമര്‍പ്പിക്കാനായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി K K Shailaja Teacher ടീച്ചറും നമുടെ എല്ലാം പ്രിയപ്പെട്ട VK Prasanth mla യും കൂടി ആയപ്പോള്‍ സനാഥാലയം കളര്‍ ഫുള്‍ ആയി സനാഥാലയത്തിനു വേണ്ടി പ്രവര്‍ത്തിച്ചു എല്ലാം സുമനസുകള്‍ക്കും ഒരുപാട് നന്ദി. ഇനിയും ഒരുപാട് സനാഥാലയങ്ങള്‍ ഒരുപാട് പേരുടെ നന്മക്കായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഉയരട്ടെ.