‘ലൈഫ് മിഷന്‍ കോഴ : MOU ഒപ്പുവെച്ചതും നടപടിക്രമങ്ങളും മുകളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം’ യു വി ജോസിനെ 6 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടു

കൊച്ചി . ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട MOU ഒപ്പുവെച്ചതും നടപടിക്രമങ്ങളും മുകളില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണെന്ന് യു വി ജോസ്. ഇ ഡി യുടെ ചോദ്യം ചെയ്യലിൽ MOU ഒപ്പുവെച്ചതും നടപടിക്രമങ്ങളും മുകളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമായിരുന്നു എന്നാണ് ജോസ് മൊഴി നൽകിയതെന്ന റിപോർട്ടുകൾ പുറത്ത്.

ലൈഫ് മിഷന്‍ കോഴക്കേസില്‍ 6 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം മുന്‍ സിഇഒ യു വി ജോസിനെ ഇഡി വിട്ടയച്ചു. ബുധനാഴ്ച ആറുമണിക്കൂറാണ് യുവി ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യുവി ജോസിനെ ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച ഒമ്പതു മണിക്കൂറാണ് ചോദ്യം ചെയ്തിരുന്നത്.

ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കരാര്‍ നേടിയ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തതിന് പിറകെയാണ് യു വി ജോസിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തുവരുന്നത്. ജോസിനെ തുടർന്നും വിളിപ്പിക്കും. സന്തോഷ് ഈപ്പന് ഒപ്പമിരുത്തിയും ജോസിനെ ചോദ്യം ചെയ്യുകയുണ്ടായി. ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന ജോസിന്റെ അറിവോടെയാണ് തങ്ങള്‍ക്ക് കരാര്‍ ലഭിച്ചതെന്നാണ് സന്തോഷ് ഈപ്പന്‍ ഇഡിയോട് വെളിപ്പെടുത്തിയിട്ടുള്ളത്. കരാര്‍ നടപടികള്‍ക്ക് മുൻപ് ചില രേഖകള്‍ യു വി ജോസ് വഴി സന്തോഷ് ഈപ്പന് നൽകുകയായിരുന്നു.

ഹാബിറ്റാറ്റ് നല്‍കിയ ചില രേഖകളാണ് ഇങ്ങനെ നൽകുന്നത്. ഈ രേഖകൾ പരിഷ്‌കരിച്ച് കരാര്‍ രേഖയാക്കി സന്തോഷ് ഈപ്പനോട് ആവശ്യപ്പെടുന്നയായിരുന്നു. ഇങ്ങനെയാണ് കരാർ രേഖ സമര്‍പ്പിച്ചതെന്നും സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. നാലരക്കോടി രൂപ ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പലര്‍ക്കായി കോഴ നല്‍കി. കോഴയുടെ ഒരുപങ്ക് ജോസിനും ലഭിച്ചതായാണ് അറിവെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞിട്ടുണ്ട്. യുവി ജോസിന് കോഴപ്പണത്തിന്റെ പങ്ക് ലഭിച്ചിരുന്നോ എന്നതിനെ പറ്റി ഇഡി അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ സന്തോഷ് ഈപ്പന്‍ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരുന്നതാണ്.