പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയാലും മുറിവ് ഉണങ്ങും വരെ ടോയ്‌ലെറ്റില്‍ പോകാനും ഇരിക്കാനും പറ്റാതെ സൂചികള്‍ കുത്തിയിറക്കുന്ന വേദന, ലിസ് ലോന പറയുന്നു

സ്ത്രീകളിലെ ഏറ്റവും മനോഹരമായ നിമിഷം കുഞ്ഞിന് ജന്മം നല്‍കുന്നതാണെന്നാണ് ഏവരും പറയുന്നത്. എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ അമ്മ അനുഭവിക്കുന്ന സുന്ദരമെങ്കിലും ആ വേദന പറഞ്ഞറിയിക്കാനാവില്ല. ഇപ്പോള്‍ സിസേറിയന്റെയും പ്രസവത്തിന്റെയും ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് ലിസ് ലോന. നേരത്ത് സുഖ പ്രസവത്തെ കുറിച്ച് എഴുതിയപ്പോള്‍ സിസേറിയന്റെ ബുദ്ധിമുട്ടുകള്‍ പലരും കമന്റിട്ടെന്നും സിസേറിയന്റെ ബുദ്ധിമുട്ട് ചെറുതായി കാണുകയല്ലെന്നും ലിസ് ലോന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ലിസ് ലോനയുടെ കുറിപ്പ്, ‘സുഖ’പ്രസവത്തിന്റെ നാല് വരി എഴുതിയപ്പോള്‍ കുറച്ച് പേര്‍ സിസേറിയന്‍ ബുദ്ധിമുട്ടുകളും കമെന്റിട്ടിരുന്നു ഒപ്പം അവരുടെ ബുദ്ധിമുട്ടുകളെ നിസ്സാരമാക്കി പറയുന്നവരെ കുറിച്ചും പരാമര്‍ശിച്ചു.. രണ്ടും വേദന തന്നെയാണ്… രണ്ടും അനുഭവിക്കുന്നത് പെണ്ണ് തന്നെയാണ്.. ഇനി അതൊരു കമ്പാരിസണ്‍ പോസ്റ്റ് ആയി തോന്നിയവരോട് തീര്‍ത്തും അല്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ പറയട്ടെ… (‘സുഖ’ പ്രസവം ! അസ്ഥി പിളര്‍ക്കും നോവായിരുന്നു പ്രാണവേദനയിലാണ് പിടഞ്ഞത് .. അരക്കെട്ട് മുറിച്ചിടും നോവിലൂടെ മിന്നല്പിണരുകള്‍ നട്ടെല്ല് തകര്‍ത്തതും പച്ചമാംസം കീറിമുറിച്ചതില്‍ എട്ടൊന്‍പത് തുന്നിക്കെട്ടിട്ടതും എല്ലാം വെറുതെയായി ‘സുഖ’ പ്രസവമായിരുന്നത്രേ .

സിസേറിയനും പ്രസവവും കമ്പാരിസണ്‍ ഒന്നുമല്ല കേട്ടോ രണ്ടിനും അതിന്റെതായ വേദനകള്‍ ഉണ്ട്. പ്രസവത്തിന് അഡ്മിറ്റ് ആയി വേദന വരാനുള്ള മരുന്ന് വെക്കുന്നത് മുതല്‍ വേദനകളുടെ തുടക്കമാണ്.. ഡയലറ്റേഷന്‍ ആയോ എന്നറിയാന്‍ ഇടക്കിടെയുള്ള ആദ്യം രണ്ട് വിരലില്‍ തുടങ്ങി കറക്കിതിരിച്ചുള്ള വജൈനല്‍ എക്‌സാമിനേഷനും ചില്ലറ വേദനയൊന്നുമല്ല അവസാനനിമിഷം വരെയും തരുന്നത് , ഡോക്ടറോ നെഴ്‌സോ അടുത്തേക്ക് വരുമ്പോഴേ പേടി തോന്നിപ്പിക്കും അത് ,ഒന്നോ രണ്ടോ മൂന്നോ ചിലപ്പോള്‍ അതില്‍ കൂടുതലോ മണിക്കൂറുകള്‍ മരണവേദന സഹിച്ചാണ് ഓരോ കോണ്‍ട്രക്ഷനും വരുന്നത്..

അത് കഴിഞ്ഞ് വികസിച്ചില്ല എന്ന് പറഞ്ഞ് പേരിനൊരു തരിപ്പിക്കല്‍ (കിട്ടിയാല്‍ ആയി ) പച്ചമാംസം ഒന്നോ ഒന്നരയോ വിരല്‍ നീളത്തില്‍ അങ്ങൊരു മുറിക്കലുണ്ട് അതും കഴിഞ്ഞ് കുഞ്ഞ് പുറത്ത് വരാന്‍ നേരത്ത് ആ മുറിയിലുള്ള സകലമാന പേരും കേറിയിരുന്നും ഞെക്കിയും വയറ്റിന്ന് കൊച്ചിനെ ( കുഞ്ഞ് ചുരുങ്ങിയത് 4കിലോ വരെയെങ്കിലും ഉണ്ടെങ്കില്‍ ബേഷായി തൂക്ക കുറവുള്ള കുഞ്ഞുങ്ങള്‍ ആണെങ്കില്‍ ചിലപ്പോ കുറച്ച് കുറവുണ്ടായേക്കും )ഇങ്ങു പുറത്തേക്ക് വലിച്ചെടുക്കും ..പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയാലും മുറിവ് ഉണങ്ങും വരെ ടോയ്‌ലെറ്റില്‍ പോകാനും ഇരിക്കാനും പറ്റാതെ സൂചികള്‍ കുത്തിയിറക്കുന്ന വേദനയോടെ സര്‍ക്കസ് കളിച്ചുള്ള ദിവസങ്ങള്‍ ആണ് എന്നിട്ടതിന് ‘സുഖ ‘ പ്രസവമെന്ന് പേരിടുമ്പോഴുള്ള ഒരു അസ്‌കിത അതാണ് പോസ്റ്റ്.

ഓപ്പറേഷന്‍ കഴിഞ്ഞ ശേഷം മുറിവുണങ്ങും വരെയും അത് കഴിഞ്ഞും നടുവേദനയും സ്റ്റിച്ചിന്റെ വേദനയുമായി ഇതേപോലെയോ ഇതില്‍ കൂടുതലോ വേദന സഹിക്കുന്നവര്‍ തന്നെയാണ് സിസേറിയന്‍കാരും. പിന്നെ അവസാനനിമിഷം വരെ പ്രസവവേദനയും കൂടി സഹിച്ച് സിസേറിയന്‍ വേദന കൂടി അനുഭവിച്ചവരെ കൈകൂപ്പി തൊഴണം. ഗൈനെക്കോളജി ഡോക്ടറിന്റെ അടുത്ത് ചോദിച്ചാല്‍ അറിയാം എനിക്ക് വേദന തിന്നാന്‍ വയ്യ ഓപ്പറേഷന്‍ മതി എന്ന് ചോദിച്ചു വാങ്ങുന്ന ബോധമില്ലാത്ത ചുരുക്കം ചില ഗര്‍ഭിണികള്‍ കൂടി ഒരു കാരണമാണെന്ന് കൂടി പറയണം വേദനയറിയാതെ പ്രസവിക്കുന്നവരെന്ന പേരിന്.. ഒന്നും നിസ്സാരമല്ല