എങ്ങനെയെങ്കിലും അവിടെ സഹിച്ചു നിന്നോയെന്ന പെറ്റമ്മയുടെ ഉപദേശം, പെട്ടിയോടെ കൂട്ടികൊണ്ടുവരേണ്ടവളെ പെട്ടിയിലാക്കി കൊണ്ടുവരേണ്ടിവരും, ലിസ് ലോനയുടെ വാക്കുകള്‍

ഇന്നലെയാണ് നടിയും മോഡലുമായ ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ ഷഹനയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് ലിസ് ലോന പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. എന്ത് വന്നാലും കേട്ടാലും ഞങ്ങളുണ്ട് നിന്റെ കൂടെയെന്ന് പറയാനും ചേര്‍ന്ന് നില്‍ക്കാനുമുള്ള നട്ടെല്ല് വീട്ടുകാര്‍ക്കും, ആരെന്ത് വിചാരിച്ചാലും കഥകളുണ്ടാക്കിയാലും എനിക്കൊന്നുമില്ല താനെടുത്തതാണ് ശരിയായ തീരുമാനമെന്ന് ഉറപ്പിച്ച് അവിടുന്ന് ഇറങ്ങാന്‍ പെണ്ണിനും കഴിയാത്തിടത്തോളം ഈ പേരുകള്‍ മാറി മാറി ഇനിയും വരും. ഡിവോഴ്‌സ് ആയി നില്‍ക്കുന്ന പെണ്ണിനെ ഒറ്റപ്പെടുത്തി നാടും നാട്ടുകാരും ഈ വ്യവസ്ഥിതിയും ചേര്‍ന്ന് ജീവനോടെ അവളുടെ പച്ചമാംസം കീറിമുറിക്കുമെന്നതൊരു സത്യകഥയാണ്.- ലിസ് ലോന പറഞ്ഞു.

ലിസ് ലോനയുടെ വാക്കുകള്‍ ഇങ്ങനെ, ഭര്‍തൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ നിലവിളിക്കുന്ന മകളെ തിരിച്ചുവിളിക്കാതെ മരണത്തിന് വിട്ടുകൊടുക്കുന്ന വീട്ടുകാരെന്ന് നമുക്ക് ഒച്ചയുയര്‍ത്തി പറയാം, പക്ഷെ മടങ്ങിവന്നാല്‍ പിന്നീടങ്ങോട്ട് ആ കുട്ടിയും കുടുംബവും കടന്നുപോകേണ്ടുന്ന അവസ്ഥ അതിലും ഭീകരമാണെന്നതാണ് സത്യാവസ്ഥ. ഇനിയൊന്നും സഹിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ അങ്ങ് അവസാനിപ്പിച്ചേക്കാമെന്ന് ഒരു പെണ്‍കുട്ടി തീരുമാനിക്കുന്നുണ്ടെങ്കില്‍ അതിന് കാരണങ്ങള്‍ ഏറെയാണ്.

ബന്ധം ഒഴിവാക്കി ചാടിത്തുള്ളി പോന്നല്ലോ ഇതൊക്കെ എല്ലായിടത്തും സാധാരണമല്ലേ കുറച്ചു ക്ഷമ വേണ്ടേയെന്ന് ആദ്യം ചോദിക്കുന്നത് ബന്ധുക്കളാണ്.. വളുടെ കയ്യിലിരുപ്പ് കൊള്ളില്ലായിരുന്നിട്ട് അവന്‍ വേണ്ടെന്ന് വച്ചതാകുമെന്നും. അവളെ കണ്ടാല്‍ തന്നെ അറിയില്ലേ അവനെ മാത്രം പോരാഞ്ഞിട്ട് ഇറങ്ങിപോന്നതാകുമെന്നും അയല്പക്കത്തെ തന്നെ കുശുകുശുക്കലുകള്‍ കേള്‍ക്കാം. ചേച്ചി/അനിയത്തി ബന്ധം ഒഴിഞ്ഞുനില്‍ക്കുന്നതുകൊണ്ട് ഈ വീട്ടിലേക്ക് ഞങ്ങളുടെ മകളെ അയക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഇന്‍ ഡയറക്ടറ് ആയി അറിയിക്കുന്ന പുതിയതായി വന്ന ബന്ധുത.

അവള്‍ ആരോടെങ്കിലും ഒന്ന് മിണ്ടിയാല്‍ ഒന്നൊരുങ്ങി നടന്നാല്‍ അണിയറയിലൊരുങ്ങുന്ന കാറ്റിനേക്കാള്‍ വേഗതയിലുള്ള കഥകള്‍. ഇതൊക്കെ പേടിച്ച് … കെട്ടിച്ചുവിട്ട കടം പോലും തീര്‍ന്നില്ല, ഇനി തിരികെ വന്നാലുള്ള നാണക്കേട് വേറെ മോളെ നീ എങ്ങനെയെങ്കിലും അവിടെ സഹിച്ചു നിന്നോയെന്ന ഉപദേശം പെറ്റമ്മ വഴിയും കിട്ടും. ഒടുവില്‍ പെട്ടിയോടെ കൂട്ടികൊണ്ടുവരേണ്ടവളെ പെട്ടിയിലാക്കി കൊണ്ടുവരേണ്ടിവരും.

ഇതൊക്കെ ഉണ്ടാകും പക്ഷെ എന്ത് വന്നാലും കേട്ടാലും ഞങ്ങളുണ്ട് നിന്റെ കൂടെയെന്ന് പറയാനും ചേര്‍ന്ന് നില്‍ക്കാനുമുള്ള നട്ടെല്ല് വീട്ടുകാര്‍ക്കും, ആരെന്ത് വിചാരിച്ചാലും കഥകളുണ്ടാക്കിയാലും എനിക്കൊന്നുമില്ല താനെടുത്തതാണ് ശരിയായ തീരുമാനമെന്ന് ഉറപ്പിച്ച് അവിടുന്ന് ഇറങ്ങാന്‍ പെണ്ണിനും കഴിയാത്തിടത്തോളം ഈ പേരുകള്‍ മാറി മാറി ഇനിയും വരും. ഡിവോഴ്‌സ് ആയി നില്‍ക്കുന്ന പെണ്ണിനെ ഒറ്റപ്പെടുത്തി നാടും നാട്ടുകാരും ഈ വ്യവസ്ഥിതിയും ചേര്‍ന്ന് ജീവനോടെ അവളുടെ പച്ചമാംസം കീറിമുറിക്കുമെന്നതൊരു സത്യകഥയാണ്..