പഴനി പീഡനം: പരാതിക്കാര്‍ മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലാണെന്ന് ലോഡ്ജ് ഉടമ

പഴനിയില്‍ മലയാളിയായ സ്ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ പരാതിക്കാര്‍ക്കെതിരെ ആരോപണവുമായി ലോഡ്ജ് ഉടമ രംഗത്ത്. യുവതിയും ഭര്‍ത്താവും മുറിയെടുത്തത് അമ്മയും മകനുമെന്ന പേരിലെന്ന് ലോഡ്ജ് ഉടമ മുത്തു പറഞ്ഞു. പീഡനം നടന്നുവെന്ന് പറയുന്ന പത്തൊന്‍പതാം തീയതിയാണ് സ്ത്രീയും പുരുഷനും മുറിയെടുത്തതെന്ന് ലോഡ്ജ് ഉടമ പറഞ്ഞു. മുറിയെടുക്കുമ്പോള്‍ താന്‍ ഉണ്ടായിരുന്നില്ല. അമ്മയും മകനുമെന്നുമാണ് പറഞ്ഞ്.

മുറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു രാത്രി തങ്ങാനാണെന്നും എങ്ങനെയെങ്കിലും മുറി നല്‍കണമെന്നും പറഞ്ഞു. അടുത്ത ദിവസം രാവിലെ പോകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിറ്റേ ദിവസവും അവര്‍ ലോഡ്ജില്‍ തുടര്‍ന്നു. അന്ന് അവര്‍ മുറിയില്‍ മദ്യപിക്കുകയും കലഹിക്കുകയും ചെയ്തു. ആധാര്‍ കാര്‍ഡ് തിരികെ വാങ്ങി മടങ്ങുമ്പോള്‍ വീട്ടമ്മ ആരോഗ്യവതിയായിരുന്നുവെന്നും ലോഡ്ജ് ഉടമ പറഞ്ഞു.

ആറാം തീയതി പൊലീസാണെന്ന് പറഞ്ഞ് വിളിച്ച് പണം ആവശ്യപ്പെട്ടു. പുലര്‍ച്ചെ അഞ്ച് മണിക്കാണ് കോള്‍ വന്നത്. തന്റെ ജോലിയെന്താണെന്ന് ഫോണ്‍ വിളിച്ച ആള്‍ ചോദിച്ചു. ലോഡ്ജ് നടത്തുകയാണെന്ന് പറഞ്ഞപ്പോള്‍ വേറെ എന്താണ് ജോലിയെന്ന് ചോദിച്ചു. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍, രണ്ട് വര്‍ഷത്തെ റെക്കോര്‍ഡ്, പണം എന്നിവയുമായി നേരില്‍ കാണണമെന്നും അല്ലെങ്കില്‍ കുടുംബത്തെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ലോഡ്ജ് ഉടമ ആരോപിച്ചു.