സിപിഎം വാട്‌സാപ്പ് ഗ്രൂപ്പിൽ ലോക്കൽ സെക്രട്ടറിയുടെ അശ്ലീല ഓഡിയോ സന്ദേശം

കാസർകോട്. സിപിഎം വാട്‌സാപ്പ് ഗ്രൂപ്പിൽ ലോക്കൽ സെക്രട്ടറിയുടെ അശ്ലീല ഓഡിയോ സന്ദേശം. കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി ആണ് സ്ത്രീകൾ അടക്കം സജീവമായ ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ചത്. സംഭവം വിവാദമായതോടെ രാഘവൻ വിശദീകരണവുമായി എത്തി. ഭാര്യയ്ക്ക് അയച്ചതാണെന്നും ഗ്രൂപ്പ് മാറിപ്പോയതാണെന്നുമാണ് മറുപടി.

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയാണ് രാഘവൻ വെളുത്തോളി. കേസിന്റെ വിചാരണയ്ക്കായി എറണാകുളത്തേക്ക് ട്രെയിനിൽ പോകുമ്പോഴാണ് അശ്ലീല സന്ദേശം അയച്ചത്. മുൻപും സ്വഭാവ ദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിട്ടുള്ളയാളാണ് രാഘവൻ വെളുത്തോളി.

ഇദ്ദേഹത്തെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന് പാർട്ടി പ്രദേശിക തലത്തിൽ ആവശ്യമുയരുന്നുണ്ട്. രാഘവൻ വെളുത്തോളി അയച്ച സന്ദേശം ഇപ്പോൾ പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.