നാലാംഘട്ട ലോക്ക്‌ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം; രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു

രാജ്യത്ത് നാലാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. മേയ്‌ 31 ആകുമ്ബോള്‍ രാജ്യത്താകെ 1.80 ലക്ഷം രോഗികള്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.

നിയന്ത്രണങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും. സോണുകള്‍ നിര്‍ണയിച്ച്‌ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ നിശ്ചയിക്കാം. മാസ്ക് നിര്‍ബന്ധമാക്കല്‍, പൊതുഇടങ്ങളിലെ നിരീക്ഷണം തുടങ്ങി ദേശീയതലത്തില്‍ പൊതുമാര്‍ഗനിര്‍ദേശം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ നല്‍കൂ എന്നാണ് സൂചന. സാമൂഹിക അകലം പാലിച്ച്‌ ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അനുമതി നല്‍കിയേക്കും. ഞായറാഴ്ച ഇത്‌ സംബന്ധിച്ച മാര്‍ഗരേഖയും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്ത് മാര്‍ച്ച്‌ 24ന് ആദ്യ ലോക്‌ഡോണ്‍ പ്രഖ്യാപിക്കുമ്ബോള്‍ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 519 ആയിരുന്നു. എന്നാല്‍ 21 ദിവസത്തിനു ശേഷം ഒന്നാം ഘട്ട ലോക്‌ഡോണ്‍ അവസാനിച്ചപ്പോള്‍ ആകെ രോഗികളുടെ എണ്ണം 10815 ആയി. രണ്ടാംഘട്ട ലോക്ക് ഡൗണ്‍ 19 ദിവസം നീട്ടിയപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ കഴിയും എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ രണ്ടാം ഘട്ടം അവസാനിച്ചപ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്നിരട്ടി വര്‍ദ്ധിച്ച്‌ 40263 ആയി. മൂന്നാം ഘട്ടം പിന്നിട്ട് നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാറാകുമ്ബോള്‍ രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് കുതിക്കുകയാണ്.