കല്യാണം വൈകുന്നു ലോക്ക് ഡൗണിനിടെ ജോത്സ്യനെ കാണാന്‍ യുവാവ്; പോലിസ് എത്തേണ്ടിടത്ത് എത്തിച്ചു

രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ജോത്സ്യനെ കാണാനിറങ്ങിയ യുവാവിന് കണ്ടകശനി. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരെ തടഞ്ഞു വീട്ടിലേക്കയയ്ക്കാന്‍ കാട്ടാക്കട സിഐ ഡി.ബിജുകുമാര്‍ ജംക്ഷനിലെത്തിയപ്പോഴാണ് ഹെല്‍മറ്റില്ലാതെ യുവാവ് ബൈക്കിലെത്തിയത്. ജനങ്ങളോട് വീട്ടിലിരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുമ്പോള്‍ അതൊന്നും വകവയ്ക്കാതെ എങ്ങോട്ടാണു യാത്രയെന്നായി സിഐ. ജോത്സ്യനെ കാണാനാണെന്നും കല്യാണം നടക്കുന്നില്ലെന്നുമായിരുന്നു യുവാവിന്റെ മറുപടി. തനിക്ക് അറിയാവുന്ന ജോത്സ്യനുണ്ടെന്നും കൂടെവന്നാല്‍ കാണാമെന്നും സിഐ പറഞ്ഞപ്പോള്‍ യുവാവ് പുറകേ ചെന്നു. യാത്ര അവസാനിച്ചത് 50 മീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനില്‍.

പൊലീസ് കസ്റ്റഡിയിലാണെന്ന് അപ്പോഴും യുവാവിനു മനസിലായില്ല. ഒരു മണിക്കൂറിനുശേഷം പിഴ ഈടാക്കി യുവാവിനെ വിട്ടയച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങുന്നതിനാല്‍ കാട്ടാക്കടയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. റൂറല്‍ എസ്പി ബി.അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചുവെങ്കിലും നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി പലരും ഇപ്പോഴും വാഹനങ്ങളുമായി ചുറ്റിക്കറങ്ങുന്ന കാഴ്ചകളാണ് കാണുന്നത്. വാഹനങ്ങളുമായി റോഡിലേക്കിറങ്ങിയ ആളുകളോട് മടങ്ങിപ്പോകാന്‍ പൊട്ടിക്കരഞ്ഞ് ആവശ്യപ്പെടുകയാണ് ഒരു ട്രാഫിക് പൊലീസുകാരന്‍. തമിഴ്നാട്ടിലാണ് സംഭവം. കൈകള്‍ കൂപ്പി നിന്ന് പൊട്ടിക്കരയുന്ന പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ തമിഴ് വാര്‍ത്താ മാധ്യമമായ പോളിമര്‍ ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. നാട്ടിന് വേണ്ടി വീട്ടുകാര്‍ക്ക് വേണ്ടി ദയവ് ചെയ്ത് നിങ്ങള്‍ തിരികെ പോകണമെന്ന് പൊലീസുകാരന്‍ നിരവധിപ്പേരോട് ആവശ്യപ്പെടുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് പൊലീസുകാരന് പിന്തുണയുമായി രംഗത്തെത്തുന്നത്.

ബൈക്കിലെത്തിയ യാത്രികരോട് സമാധാനപരമായി മടങ്ങിപ്പോകാന്‍ പൊലീസുകാരൻ ആവശ്യപ്പെടുന്നു. എന്നാൽ, ജനങ്ങൾ ഇത് കൂട്ടാക്കാത്തതോടെയാണ് പൊലീസുകാരന്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. ദയവായി വീട്ടിലിരിക്കൂ, വെളിയില്‍ പോകരുത്, നമ്മുടെ നാട് നാശത്തിലേക്ക് പോകാതിരിക്കാനായി നിങ്ങളുടെ കാല് തൊട്ട് ആവശ്യപ്പെടുകയാണ് എന്ന് ആദ്യം പൊലീസുകാരന്‍ ആവശ്യപ്പെടുന്നു.