കരുണയില്ലാതെ പോലിസ്, ടൂറിസ്റ്റ് ഹോം മാനേജര്‍ക്ക് മര്‍ദ്ദനം

പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചതനുസരിച്ചു ആരോഗ്യവകുപ്പ് ജീവനക്കാരുടെ താമസത്തിനു സൗകര്യം ഒരുക്കി വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ടൂറിസ്റ്റ്ഹോമില്‍നിന്നു മടങ്ങുന്നതിനിടെ പുല്‍പള്ളി-ടൗണ്‍ പരിസരത്തെ വയനാട് ലക്സ് ഇന്‍ ടുറിസ്റ്റ്ഹോം മാനേജര്‍ രഞ്ജിത്ത്ദാസിനെ പോലീസ് മര്‍ദിച്ചതായി പരാതി. ടൗണില്‍വച്ചാണ് പോലീസ് മര്‍ദിച്ചതെന്നു രഞ്ജിത്ത്ദാസ് ജില്ലാ പോലീസ് മേധവിക്കു നല്‍കിയ പരാതയില്‍ പറയുന്നു. ശരീരമാസകലം ലാത്തിയടിയേറ്റ രഞ്ജിത്തിന് എഴുന്നേറ്റ് നടക്കാന്‍പോലുമാകാത്ത അവസ്ഥയാണ്. പുറത്തും നടുവിനും കൈകാലുകളിലുമായി 28ലേറെ ഭാഗത്ത് ലാത്തിയടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.

രഞ്ജിത്ത്ദാസിന്റെ പുറത്ത് ലാത്തിയടിയേറ്റതിന്റെ പാടുകളുണ്ട്. അനാവശ്യമായി പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ചപ്പോള്‍ ധിക്കാരത്തോടെ പെരുമാറിയ രഞ്ജിത്ത്ദാസിനെ വിരട്ടിയോടിക്കുകമാത്രമാണ് ചെയ്തതെന്ന നിലപാടിലാണ് പോലീസ്. വ്യാഴാഴ്ച വൈകീട്ട് 5.15ഓടെ പുല്‍പള്ളി ട്രാഫിക് ജങ്ഷനിലാണ് രഞ്ജിത്തിന് മര്‍ദനമേറ്റത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ടൂറിസ്റ്റ് ഹോമില്‍ താമസത്തിനുണ്ട്. ഇവര്‍ക്ക് ഉപയോഗിക്കുന്നതിനായി ടാങ്കില്‍ വെള്ളം നിറച്ചശേഷം പാളക്കൊല്ലിയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്‌ബോഴാണ് ട്രാഫിക് ജങ്ഷനില്‍ പോലിസ് തടഞ്ഞത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ ജോലിചെയ്യുന്ന ടൂറിസ്റ്റ് ഹോം വിട്ടുകൊടുത്തിട്ടുണ്ടെന്നും ഇവിടത്തെ ജോലി കഴിഞ്ഞശേഷം വീട്ടിലേക്ക് പോവുകയാണെന്നും പോലിസുകാരോട് പറഞ്ഞു. തുടര്‍ന്ന് തന്റെ ഫോണില്‍ ടൂറിസ്റ്റ് ഹോം ഉടമയെ വിളിച്ച് പോലിസുകാര്‍ക്ക് നല്‍കാനൊരുങ്ങുമ്‌ബോഴാണ്, ഒരു പോലീസുകാരന്‍ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അടിച്ചത്. ഇതിനുപിന്നാലെ മറ്റു പോലിസുകാരും ക്രൂരമായി മര്‍ദിച്ചതായി അദ്ദേഹം പറഞ്ഞു.

മറ്റൊരു സംഭവത്തില്‍ പരാതിയുമായി എത്തിയ പിതാവിനും മകനും കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ മര്‍ദനമേറ്റതായി പരാതി. കമ്പളക്കാട് വൈശ്യന്‍വീട്ടില്‍ അബു ഹാജിക്കും മകന്‍ ഷമീറിനുമാണ് മര്‍ദനമേറ്റത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സില്‍ കൂടുതല്‍ താമസക്കാര്‍ എത്തിയതു സംബന്ധിച്ചു കഴിഞ്ഞ ദിവസം പരാതിയുമായി സമീപിച്ചപ്പോഴാണ് ദുരനുഭവമുണ്ടായതെന്നു അബു ഹാജിയും ഷമീറും പറയുന്നു.

പരാതി കീറിക്കളഞ്ഞ എസ്.ഐ അബു ഹാജിയെ മര്‍ദിച്ചു. ഇതുകണ്ടു നിലവിളിച്ചപ്പോഴാണ് ഷമീറിനെ മര്‍ദിച്ചത്. ഹൃദ്രോഗത്തിനു ശസ്ത്രക്രിയ കഴിഞ്ഞയാളാണ് അബു ഹാജി. മര്‍ദനത്തെത്തുര്‍ന്നു നെഞ്ചുവേദന അനുഭവപ്പെട്ട അബുഹാജിയും കേള്‍വിശക്തി കുറഞ്ഞ ഷമീറും ചികിത്സ നേടി. എസ.്ഐക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയതായി ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കമ്പളക്കാട് ടൗണില്‍ മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ മരുന്നവാങ്ങാനെത്തിയ യുവാവിനെ പോലീസ് മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു.