പത്ത് മണിക്കൂർ മുറിയിൽ പൂട്ടിയിട്ടു; കഴുത്തിന് പരിക്കേറ്റു; എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് അധ്യാപിക

തിരുവനന്തപുരം. കോളേജില്‍ അക്രമം നടത്തിയ എസ്എഫ്‌ഐ നേതാക്കളെ ലോ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രകോപിതരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ ആക്രമിച്ചു. എസ്എഫ്‌ഐയുടെ ആക്രമണത്തില്‍ അധ്യാപികയായ വികെ സഞ്ജുവിന് പരിക്കേറ്റു. 10 മണിക്കുറോളം അധ്യാപകരെ മുറിയില്‍ പൂട്ടിയിട്ടുവെന്നും കഴുത്തിന് പരിക്കേറ്റതായും വികെ സഞ്ജു പറയുന്നു.

ലോ കോളേജില്‍ കെഎസ് യുവിന്റെ കൊടിമരം നശിപ്പിച്ച സംഭവത്തില്‍ 24 എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ പൂട്ടിയിട്ടത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ് യുവിന്റെ കൊടിമരം നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

സമരത്തില്‍ പുറത്ത് നിന്നും എത്തിയവരും ഉണ്ടായിരുന്നു. താന്‍ അടക്കം 21 അധ്യാപകരെയാണ് ഇവര്‍ പൂട്ടിയിട്ടതെന്നും സഞ്ജു പറയുന്നു. മുറിയില്‍ പൂട്ടിയിട്ട ശേഷം വൈദ്യുതി ബന്ധം പോലും വിച്ഛേദിച്ചു. ശ്വാസം മുട്ടലുണ്ടെന്ന് പറഞ്ഞിട്ടും പുറത്തിറങ്ങുവാന്‍ അനുവദിച്ചില്ലെന്നും അധ്യാപിക പറയുന്നു. നേരത്തെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ് യു എസ്എഫ്‌ഐ സംഘര്‍ഷം ഉണ്ടായിരുന്നു.