എന്റെ സന്ന്യാസഭവനത്തില്‍ ജീവിക്കാന്‍ എനിക്ക് എല്ലാ അവകാശവുമുണ്ട്, കാരണം എന്റെ ജീവിതം തന്നെയാണ്, ലൂസസി കളപ്പുര പറയുന്നു

സിസ്റ്റര്‍ ലൂസി കളപ്പുര കഴിഞ്ഞ ദിവസമാണ് താന്‍ താമസിക്കുന്ന മഠത്തില്‍ തനിക്ക് നേരിടേണ്ടി വരുന്ന പല ക്രൂരതകളെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയത്. ഈ പോസ്റ്റിന് കീഴില്‍ ഒരാള്‍ കമന്റുമായി എത്തുകയും അയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയുമാണ് ലൂസി കളപ്പുര. ‘സിസ്റ്ററെ ഞാന്‍ ബഹുമാനിച്ചുകൊണ്ട് ചോദിക്കട്ടെ അവിടത്തെ താമസ ചിലവുകള്‍ക്കായി, സിസ്റ്റര്‍ പണമായി മദറിനെ പ്രതിമാസം ഏല്പിക്കാറുണ്ടോ? ഉത്തരം ഇവിടെ തരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നായിരുന്നു കമന്റ്.’ ഇതിനാണ് പുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ സിസ്റ്റര്‍ മറുപടി നല്‍കിയിരിക്കുന്നത്.

ലൂസി കളപ്പുരയുടെ മറുപടി കുറിപ്പ്, ഞാന്‍ താമസിക്കുന്ന എന്റെ മഠത്തിനുള്ളില്‍ എനിക്ക് നേരിടേണ്ടി വരുന്ന മനുഷ്യത്വരഹിതമായ ക്രൂരതകളെക്കുറിച്ച് പറഞ്ഞ ഒരു പോസ്റ്റിനു കീഴില്‍ എന്നോട് ഒരു സഹോദരന്‍ ചോദിച്ച ചോദ്യമാണിത്. അദ്ദേഹം സദുദ്ദേശത്തില്‍ ചോദിച്ചതായിരിക്കും എന്നുതന്നെ ഞാന്‍ കരുതുന്നു. എന്നാല്‍ ഇതിനു മുന്‍പും പലരില്‍ നിന്നായി ഞാനീ ചോദ്യം കേട്ടിട്ടുണ്ട്. മറുപടിയര്‍ഹിക്കുന്ന ചോദ്യമാണിത് എന്ന് തോന്നുന്നത്‌കൊണ്ട് ഞാനത് ഇവിടെ കുറിക്കുകയാണ്.

പ്രിയപ്പെട്ട സഹോദരാ , ഒറ്റവാക്കില്‍ മറുപടി പറയേണ്ട കാര്യമല്ലയിത്. പതിനഞ്ചാം വയസിലാണ് ഞാന്‍ FCC മഠത്തില്‍ വന്നു കയറുന്നത്. അന്നുമുതല്‍ ഇന്നുവരെ എന്റെ ജീവനും ജീവിതവുമെല്ലാം ഞാന്‍ സമര്‍പ്പിച്ചത് ഈ സഭക്ക് വേണ്ടി മാത്രമാണ്. ഞാനിവിടെ വന്നുകയറിയ അന്നുമുതല്‍ പിന്നീടുള്ള കാലമത്രയും എന്റെ മഠത്തിനകത്തും പുറത്തും എല്ലുമുറിയെ പണിയെടുത്തിട്ടുണ്ട് ഞാന്‍. അതിനൊന്നും ഒരു കണക്കുമില്ല. അതിനു ശേഷം എനിക്ക് അധ്യാപികയായി ജോലി ലഭിച്ചപ്പോള്‍ മുതല്‍ 25 വര്‍ഷക്കാലം ഞാന്‍ ജോലിചെയ്തു കിട്ടിയ മുഴുവന്‍ തുകയും ഒരു രൂപ പോലുമില്ലാതെ കോണ്‍ഗ്രിഗേഷനിലേക്ക് കൊടുത്തിട്ടുണ്ട്. പക്ഷേ ആ കാലത്തെല്ലാം ഒരു മനുഷ്യജീവി എന്ന നിലയിലെ എന്റെ ഏറ്റവും നിസാരമായ ആവശ്യങ്ങള്‍ പോലും നിഷ്‌കരുണം നിഷേധിക്കപ്പെടുന്നത് എത്രയോ തവണ ഞാന്‍ കണ്ണീരോടെ സഹിച്ചിട്ടുണ്ട്. പലപ്പോഴും വര്‍ഷങ്ങളോളം അധികാരികളുടെ കനിവിനായി കാത്തിരുന്ന് കിട്ടില്ലെന്നുറപ്പാകുമ്പോള്‍ എല്ലാം ദൈവത്തിന്റെ പരീക്ഷണങ്ങളാണെന്ന് കരുതി സ്വയം സമാധാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ ജീവിതകാലം മുഴുവന്‍ ഞാനിതെല്ലാം സഹിച്ചും ക്ഷമിച്ചും ജീവിച്ചു. ഒടുവില്‍ ശരീരത്തില്‍ നുളക്കുന്ന പുഴുക്കളുമായി എന്റെ മുന്നില്‍ കനിവിനുവേണ്ടി യാചിച്ച ഒരു പാവം രോഗിക്ക് വേണ്ടി ഒരു ചെറിയ തുക കൊടുക്കാന്‍ ഞാനെന്റെ അധികാരികള്‍ക്ക് മുന്നില്‍ കേണുപറഞ്ഞുനോക്കി. തീരെ ചെറിയൊരു തുകയാണ് ഞാനാവശ്യപ്പെട്ടത്, അതുപോലും കൊടുക്കാന്‍ അവര്‍ തയ്യാറായില്ല. എന്നാല്‍ അതേയാളുകള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തങ്ങളുടെ ആഡംബര ജീവിതത്തിന് വേണ്ടി യാതൊരു മടിയുമില്ലാതെ പണം ചിലവഴിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി.

ഞാന്‍ കൂടി ജോലി ചെയ്തു കൊണ്ടുവരുന്ന പണമാണ് അധികാരികള്‍ എന്ന പേരില്‍ കുറച്ചുപേര്‍ അവര്‍ക്ക് തോന്നിയതുപോലെ ചിലവാക്കുന്നത്. ആ പണം ന്യായമായ ഏതാവശ്യങ്ങള്‍ക്കും വേണ്ടി ചിലവാക്കുവാന്‍ എനിക്കും കൂടി അവകാശമുണ്ട് എന്ന് അന്ന്മുതല്‍ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. അന്ന് മുതലാണ് ഞാന്‍ എനിക്ക് ലഭിക്കുന്ന ശമ്പളം സഭാധികാരികളെ ഏല്‍പ്പിക്കുന്നത് നിര്‍ത്തിയത്. പക്ഷേ അതിനു മുന്‍പ് തന്നെ എന്നെപ്പോലെ നൂറുപേര്‍ക്കെങ്കിലും ജീവിതകാലം മുഴുവന്‍ ജീവിക്കാനുള്ള തുക ഞാന്‍ എന്റെ സഭയിലേക്ക് കൊടുത്തിട്ടുണ്ട്.

ഏകദേശം മൂന്ന് വര്ഷങ്ങളായി എന്റെ അക്കൗണ്ടില്‍ വരുന്ന ശമ്പളത്തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റാതെയായിട്ട്. പക്ഷേ അതില്‍ നിന്ന് ഒരൊറ്റ രൂപ പോലും ഏതെങ്കിലും തരത്തില്‍ സന്ന്യാസത്തിന് നിരക്കാത്ത ആഡംബര ജീവിതത്തിനുവേണ്ടി ഞാന്‍ ഇന്നുവരെ ഉപയോഗിച്ചിട്ടില്ല. ആ പണം കോണ്‍ഗ്രിഗേഷന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നെങ്കില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ എന്തൊക്കെയാണോ ചെയ്യേണ്ടിയിരുന്നത് അത് തന്നെയാണ് ഞാന്‍ നിറവേറ്റിയിട്ടുള്ളത് എന്ന് എനിക്ക് അഭിമാനപൂര്‍വം പറയാനാകും. എന്റെ സന്ന്യാസ സഭയുടെ അധികാരികള്‍ എപ്പോള്‍ ചോദിച്ചാലും കൊടുക്കാന്‍ അതിന്റെയെല്ലാം വിശദമായ കണക്കുകള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്.

പലപ്പോഴും മഠത്തിനുള്ളില്‍ ഞാന്‍ നേരിടേണ്ടി വരുന്ന ഇതുപോലുള്ള മനുഷ്യത്വരഹിതമായ പ്രശ്‌നങ്ങള്‍ പറയേണ്ടി വരുമ്പോള്‍ താങ്കളെപ്പോലെയുള്ളവര്‍ ചോദിക്കുന്ന ചോദ്യമാണ് അതിന് നിങ്ങള്‍ സഭയിലേക്ക് മാസാമാസം പണം കൊടുക്കാറുണ്ടോ എന്ന്. പണം കൊടുക്കുന്നില്ലെങ്കില്‍ എത്ര വലിയ ക്രൂരതകളും പ്രവര്‍ത്തിക്കാനുള്ള ന്യായീകരണമുണ്ട് എന്നാണോ അങ്ങയെപ്പോലുള്ളവര്‍ ഉദ്ദേശിക്കുന്നത്? അപ്പോള്‍ ജോലിയില്ലാത്തവര്‍ എന്ത് ചെയ്യണം? പ്രായാധിക്യം മൂലമോ രോഗം മൂലമോ ജോലി ചെയ്ത് പണം സമ്പാദിച്ചു കൊടുക്കാന്‍ പറ്റാത്തവരെ എന്ത് ചെയ്യണം? ജീവിതത്തിന്റെ നല്ല നാളുകള്‍ മുഴുവന്‍ ചോരനീരാക്കി പണിയെടുത്ത് സഭക്ക് കോടിക്കണക്കിന് രൂപ സമ്പാദിച്ച് കൊടുത്ത് ഒടുവില്‍ തങ്ങളുടേത് പോലുമല്ലാത്ത കുറ്റത്തിന് ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ പുറത്താക്കപ്പെട്ട ലൈസയെയും ജിസയെയും പോലുള്ള ആയിരക്കണക്കിന് കന്യാസ്ത്രീകളുടെ പൊള്ളുന്ന ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അവരൊക്കെ എന്ത് ചെയ്യണമെന്നാണ് അങ്ങയെപ്പോലുള്ളവര്‍ പറയുന്നത്?

മാസാമാസം വലിയ തുകകള്‍ അധികാരികളുടെ കൈകളിലേക്ക് ഏല്‍പ്പിച്ചു കൊടുക്കാന്‍ ഗതിയില്ലാത്ത ആയിരക്കണക്കിന് കന്യാസ്ത്രീകളുണ്ട് ഇവിടുത്തെ മഠങ്ങളില്‍. പറമ്പുകിളക്കലും പശുവിനെ നോക്കലും ചാണകം വാരലും എച്ചില്‍ പാത്രങ്ങള്‍ കഴുകലുമൊക്കെയായി പകലന്തിയോളം പണിയെടുത്താലും മറ്റുള്ളവരുടെ ഔദാര്യത്തില്‍ ജീവിക്കുന്നവര്‍ എന്ന ആക്ഷേപവും അവഗണനയും വിവേചനങ്ങളും മാത്രം പ്രതിഫലമായി ലഭിക്കുന്നവര്‍. അനുസരണവ്രതത്തിന്റെ പേരില്‍ മറുത്തൊരക്ഷം പോലും പറയാന്‍ കഴിയാതെ ഓരോ ദിവസവും അവര്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങളെപ്പോലുള്ളവര്‍ അറിയണം. ഏറ്റവും സ്വകാര്യമായ ആവശ്യങ്ങള്‍ക്ക് പോലും അധികാരികളുടെ മുന്നില്‍ കൈ നീട്ടുന്നവരുടെ മനസികാവസ്ഥയെന്താണെന്ന് നിങ്ങളെപ്പോലുള്ളവര്‍ ഒരു നിമിഷമെങ്കിലും അറിയണം. പരാതി പറയാന്‍ പോയിട്ട് ഒന്നുറക്കെ കരയാന്‍ പോലും ശേഷിയില്ലാത്ത അവര്‍ക്ക് വേണ്ടിക്കൂടിയാണ് ഞാനിത് ചെയ്യുന്നത്. പണം കൊടുത്താലും ഇല്ലെങ്കിലും എന്റെ സന്ന്യാസഭവനത്തില്‍ ജീവിക്കാന്‍ എനിക്ക് എല്ലാ അവകാശവുമുണ്ട്, കാരണം ഞാന്‍ ഈ സഭക്കായി സമര്‍പ്പിച്ചത് എന്റെ ജീവിതം തന്നെയാണ്‍