നിത്യവും അടിയും പ്രശ്നങ്ങളുമൊക്കെ ആണെങ്കില്‍ പിന്നെ എന്തിനാണ് ശബരിമലയില്‍ പോകുന്നത്, എം ജയചന്ദ്രന്‍ ചോദിക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ ഗായകനാകാന്‍ കൊതിച്ച വ്യക്തിയാണ്. എന്നാല്‍ പിന്നീട് സംഗീത സംവിധാനത്തിലേക്ക് തിരിയുകയാണ് അദ്ദേഹം ചെയ്തത്. 1992ല്‍ പുറത്തിറങ്ങിയ വസുധ എന്ന ചിത്രത്തില്‍ ഗാനം ആലപിക്കാനുള്ള അവസരം ജയചന്ദ്രന് ലഭിച്ചു. എന്നാല്‍ പിന്നീട് ആലാപനത്തിനൊപ്പം സംഗീത സംവിധാനത്തിനും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. 2003ല്‍ എത്തിയ മോഹന്‍ലാല്‍ ചിത്രമായ ബാലേട്ടനിലെ ഗാനങ്ങള്‍ ഹിറ്റായതോടെ മലയാളത്തിലെ തിരക്കേറിയ സംഗീത സംവിധായകനായി എം ജയചന്ദ്രന്‍ മാറുകയായിരുന്നു.

സമാകാലിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ വിഷയത്തില്‍ എം.ജയചന്ദ്രന്റെ നിലപാട് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ശബരിമലയില്‍ എന്ന് സമാധാനം പുലരുന്നോ അപ്പോള്‍ ഞാന്‍ അവിടെ പോകും എന്നാണ് ഇപ്പോഴും ജയചന്ദ്രന്റെ നിലപാട്. കൗമുദി ടി.വി താരപ്പകിട്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും കഴിഞ്ഞ വര്‍ഷം താന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിനെ രാഷ്ട്രീയമായി ചിലര്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എപ്പോള്‍ വേണമെങ്കിലും ശബരിമലയില്‍ പോകാം. കഴിഞ്ഞ വര്‍ഷം യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിനെ ചിലര്‍ രാഷ്ട്രീയമായി വ്യാഖ്യാനിക്കുകയായിരുന്നു ചെയ്തത്. നിരവധിപേര്‍ പോസ്റ്റിനെ കുറിച്ച് അഭിപ്രായം പറഞ്ഞു. എന്നാല്‍, ഞാന്‍ ഒരിക്കലും ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ ഭാഗമല്ല. എനിക്ക് പൊളിറ്റിക്സ് ഇല്ല. എന്റെ മതവും പൊളിറ്റിക്സും ജാതിയും വര്‍ണവും എല്ലാം സംഗീതം മാത്രമാണ്. അതാണ് സത്യം.

ശബരിമലയില്‍ നമ്മള്‍ എന്തിനാണ് പോകുന്നത്? സമാധാനമായി അയ്യപ്പനോട് പ്രാര്‍ത്ഥിക്കനാണ്. ഭക്തനെയും അയ്യപ്പനെന്ന് വിളിക്കുന്നത്. അവിടെ നിത്യവും അടിയും പ്രശ്നങ്ങളുമൊക്കെ ആണെങ്കില്‍ പിന്നെ എന്തിനാണ് ശബരിമലയില്‍ പോകുന്നത്. എപ്പോള്‍ ശബരിമലയില്‍ സമാധാനം പുലരുന്നോ അപ്പോള്‍ ഞാന്‍ അവിടെ പോകും. അല്ലാതെ ഞാനും കൂടെപോയി അവിടെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട ആവശ്യം ഇല്ലല്ലോ’ -അദ്ദേഹം പറഞ്ഞു.

അതേസമയം വ്രതശുദ്ധിയുടെ ശരണകീര്‍ത്തനങ്ങളുമായി മണ്ഡല മകരവിളക്ക് ഉത്സവത്തിന് ഇന്നു തുടക്കം. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് യോഗനിദ്രയിലിരിക്കുന്ന കലിയുഗവരദനു മുന്നില്‍ വിളക്ക് തെളിക്കും. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകള്‍ തുറക്കും.

അയ്യപ്പഭക്തര്‍ക്ക് തന്ത്രി വിഭൂതി പ്രസാദം നല്‍കും. പതിനെട്ടാംപടിക്കു മുന്നിലെ ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷമേ ഇരുമുടിക്കെട്ടുമായി ഭക്തരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കൂ. പ്രസാദ വിതരണം കഴിഞ്ഞാല്‍ പുതിയ മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.

ശബരിമല മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിയെ അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി അഭിഷേകം ചെയ്യും. ശേഷം ശ്രീകോവിലിനുള്ളില്‍ വച്ച് അയ്യപ്പന്റെ മൂലമന്ത്രം തന്ത്രി മേല്‍ശാന്തിക്ക് പറഞ്ഞുകൊടുക്കും.

മാളികപ്പുറം മേല്‍ശാന്തിയായ എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയെ മാളികപ്പുറത്ത് ദേവിയുടെ മുന്നിലിരുത്തി, അഭിഷേക ചടങ്ങുകള്‍ ചെയ്ത് സ്ഥാനാരോഹണം നടത്തും. ഇനി മുതല്‍ ഇരുവരും പുറപ്പെടാ ശാന്തിമാരാണ്.

നാളെ രാവിലെ സന്നിധാനത്ത് ശ്രീകോവില്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിയാണ്. മാളികപ്പുറം ക്ഷേത്രനട എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയും.ഡിസംബര്‍ 27നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. അന്നു രാത്രി പത്തിന് നട അടച്ച ശേഷം മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും.

മകരവിളക്ക് ജനുവരി 15നാണ്. തീര്‍ത്ഥാടനത്തിന് സമാപനംകുറിച്ച് ജനുവരി 27ന് രാവിലെ ഏഴിന് നട അടയ്ക്കും.